ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ; സ്‌കൂള്‍ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കേസ്

0 663

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ; സ്‌കൂള്‍ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കേസ്

തൃശൂര്‍: ലോക്ക്‌ ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ തൃശൂരില്‍ സ്വകാര്യ സ്‌കൂള്‍ പ്രവേശന പരീക്ഷ നടത്തി. തൃശൂര്‍ കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷകളോ ക്ലാസോ പാടില്ലെന്ന നിര്‍ദ്ദേശം ലംഘിച്ച്‌ പരീക്ഷ നടത്തിയത്. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടത്തിയത്. പത്ത് വയസിന് താഴെയുള്ള 24 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലെത്തി പരീക്ഷ എഴുതിയത്.

സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍ മാനേജ്‌മെന്റിനും നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം സാമൂഹിക അകലം പാലിച്ചാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമായവരും വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശമുള്ളപ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് പ്രവേശന പരീക്ഷ നടത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.