ലോക്ക് ഡൗണ്‍; വീട്ടിലെത്താന്‍ മൂന്ന് ദിവസം നടന്ന 12 കാരിക്ക് മരണം

0 987

ലോക്ക് ഡൗണ്‍; വീട്ടിലെത്താന്‍ മൂന്ന് ദിവസം നടന്ന 12 കാരിക്ക് മരണം

തെലങ്കാനയില്‍ നിന്നും ലോക്ഡൗണിനിടെ ഛത്തീസ്ഗഡിലെ സ്വന്തം നാടായ ബീജാപൂരിലേക്ക് നടന്ന 12കാരിക്ക് ദാരുണാന്ത്യം. മൂന്ന് ദിവസം കൊണ്ട് 150 കിലോമീറ്ററിലേറെ കാല്‍നടയായി പിന്നിട്ട ജാംലോ മക്ദം എന്ന പെണ്‍കുട്ടി സ്വന്തം വീടിന് 14 കിലോമീറ്റര്‍ മാത്രം അകലെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. തെലങ്കാനയിലെ മുളകു പാടത്ത് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ പണിക്ക് പോയിരുന്നതായിരുന്നു ജാംലോ.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായതോടെ ഏപ്രില്‍ 15 നാണ് ജാംലോ അടങ്ങുന്ന 11 അംഗ സംഘം സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ ഇവര്‍ തുടര്‍ച്ചയായി നടന്നു. പൊലീസിന്റേയും അധികൃതരുടേയും കണ്ണുവെട്ടിക്കാനായി ദേശീയപാതകള്‍ ഒഴിവാക്കിയും കാട്ടിലൂടെയുമായിരുന്നു പലപ്പോഴും സഞ്ചാരം.
ഒടുവില്‍ സ്വന്തം വീടിന് 14 കിലോമീറ്റര്‍ അകലെ വെച്ച്‌ ജാംലോക്ക് ശക്തമായ വയറുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹമാണ് ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്. പോഷകാഹാരക്കുറവും കനത്ത നിര്‍ജലീകരണവുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബി.ആര്‍ പുജാരി അറിയിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തോളമായി 12 കാരിയായ പെണ്‍കുട്ടി തെലങ്കാനയിലെ മുളകുപാടങ്ങളില്‍ പണിക്കു പോയിരിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു.