ലോക്ക്‌ഡൗണ്‍ ലംഘനം: ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

0 1,257

 

ഇരിട്ടി : ലോക്ക്‌ഡൗണ്‍ ലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇരിട്ടിയിലും മലയോരമേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണം തുടങ്ങി. ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പില്‍, സി.ഐ. എ.കുട്ടികൃഷ്ണന്‍, എസ്.ഐ.മാരായ എ.ബി.രാജു, എം.ജെ.മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ഇരിട്ടി ടൗണില്‍നിന്നാണ് നിരീക്ഷണം തുടങ്ങിയത്.

റോഡുകള്‍ക്ക് പുറമേ മറ്റു മേഖലകളില്‍ ജനങ്ങള്‍ കൂട്ടംകൂട്ടുന്നതും വ്യാജവാറ്റ് പോലുള്ള കേന്ദ്രങ്ങള്‍ നടത്തുന്നതും കണ്ടെത്താന്‍ ഡ്രോണുകള്‍ കൊണ്ടുള്ള നിരീക്ഷണങ്ങളിലൂടെ കഴിയും. ഇരിട്ടിയുടെ ചില മേഖലകളില്‍ നടത്തിയ നിരീക്ഷണത്തില്‍ ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടിയതായി കണ്ടെത്തിയുട്ടുണ്ട്. എന്നാല്‍ ഡ്രോണ്‍ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ഓടിമാറി. വ്യാജവാറ്റ് കേന്ദ്രങ്ങളാണോ എന്ന് സംശയിക്കത്തക്കരീതിയിലുള്ള ചില ഷെഡ്ഡുകളും നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി അറിവുള്ളവര്‍ പോലീസിന് വിവരം കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിലും മലയോര മേഖലകളില്‍ അടക്കം ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

കേരള പോലീസിന്റെ കീഴിലുള്ള സൈബര്‍ ഡോമിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. 350-ഓളം ഡ്രോണുകള്‍ ഒരുക്കിയാണ് ഇപ്പോള്‍ കേരളത്തില്‍ ആകാശനിരീക്ഷണം നടന്നുവരുന്നത്.

ജില്ലയില്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അഖില്‍ പുതുശ്ശേരി, എ.ബി.അനൂപ് എന്നിവരുടെ നിയന്ത്രണത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്.