ലോക്ക് ഡൗണില്‍ ലോക്കായി ഡ്രൈവിംഗ് സ്കൂളുകള്‍, നിത്യവൃത്തിക്ക് മാ‌ര്‍ഗമില്ലാതെ ഉടമകളും ജീവനക്കാരും

0 458

ലോക്ക് ഡൗണില്‍ ലോക്കായി ഡ്രൈവിംഗ് സ്കൂളുകള്‍, നിത്യവൃത്തിക്ക് മാ‌ര്‍ഗമില്ലാതെ ഉടമകളും ജീവനക്കാരും

തിരുവനന്തപുരം- ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ചിട്ടും പ്രവര്‍ത്തന അനുമതി നല്‍കാത്തത് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ലോക്ക് ഡൗണിന്റെ പേരില്‍ സമസ്ത തൊഴില്‍മേഖലകളിലും സര്‍ക്കാര്‍ സഹായവും ആശ്വാസ നടപടികളും ഉണ്ടായെങ്കിലും ലക്ഷകണക്കിനാളുകളുടെ ഉപജീവനോപാധിയായ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് മാത്രം സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. കൊവിഡിനെ തുടര്‍ന്ന് ഡ്രൈവിംഗ് പരിശീലനം നിലച്ചതോടെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ സഹായമുണ്ടാകാത്ത പക്ഷം അടച്ചുപൂട്ടലിന്റെ വക്കിലാണ്‌ സ്ഥാപനങ്ങള്‍.
പലരും വായ്‌പയെടുത്തും സ്വര്‍ണ്ണം പണയം വച്ചും പലിശയ്‌ക്ക്‌ കടവുമെടുത്താണ്‌ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത്‌. വരുമാനം നിലച്ചതോടെ വായ്‌പാ തിരിച്ചടവുകളെല്ലാം മുടങ്ങി. വേനലവധി കാലത്ത്‌ കൂടുതല്‍ പേര്‍ ഡ്രൈവിംഗ് പഠിക്കാനെത്തുന്നത്‌ ഈ മേഖലയ്‌ക്ക്‌ ഗുണം ചെയ്‌തിരുന്നു‌. എന്നാല്‍ കൊവിഡ്‌ ആയതിനാല്‍ ഈ സീസണും നഷ്‌ടമായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകളും അരലക്ഷത്തോളം ജീവനക്കാരും പണിയെടുക്കുന്നുണ്ട്‌. പലയിടത്തും ഉടമതന്നെയാണ്‌ തൊഴിലാളി. മാര്‍ച്ച്‌ 10നാണ്‌ അവസാനമായി ഡ്രൈവിംഗ് ടെസ്‌റ്റ്‌ നടന്നത്‌. അതിന്‌ ശേഷം ലേണേഴ്‌സ്‌ ടെസ്‌റ്റ്‌ അടക്കം നടന്നിട്ടില്ല. ആര്‍.ടി.ഒ ഓഫീസുകളിലായി ലേണേഴ്‌സ്‌ കഴിഞ്ഞവര്‍ക്കായി‌ കാല്‍ലക്ഷത്തോളം ഡ്രൈവിംഗ് ടെസ്‌റ്റ്‌ നടത്താനുമുണ്ട്‌. രണ്ട്‌ മാസമായി മഴയും വെയിലുമേറ്റ്‌ പരിശീലനം നടത്തുന്ന ഇരുചക്രവാഹനങ്ങള്‍ ഗ്രൗണ്ടുകളില്‍ കൂട്ടമായി കിടക്കുകയാണ്‌. ഇനി അത്‌ നന്നാക്കാതെ ഓടിക്കാന്‍ പറ്റില്ല‌. മേഖലയെ തൊഴില്‍ മേഖലയായി കാണാന്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമേ മോട്ടോര്‍ ഡ്രൈവിംഗ് പരിശീലന രംഗത്തെ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക പരിഹാരം ഉണ്ടാകൂ. സര്‍ക്കാര്‍ ക്ഷേമനിധികളില്ലാത്തതിനാല്‍ യാതൊരുവിധ ആനുകൂല്യങ്ങളും തങ്ങള്‍ക്ക്‌ ലഭ്യമാകുന്നില്ലെന്ന്‌ ‌ ജീവനക്കാര്‍ പറയുന്നു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടും ഡ്രൈവിംഗ് സ്കൂളുകളുടെ നടത്തിപ്പ് കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. കാലവര്‍ഷത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഡ്രൈവിംഗ് ടെസ്റ്റുകളെ ഉള്‍പ്പെടെ വെള്ളപ്പൊക്കവും മറ്റ് കെടുതികളുമാണ് വരാനിരിക്കുന്ന മറ്റൊരു പ്രതിസന്ധി. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകളെയും പരിഗണിക്കണം. നാലായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകളിലെ ജീവനക്കാരുടെ ജീവിതമാര്‍ഗ്ഗമാണ് തടസ്സപ്പെട്ടത്. മോട്ടോര്‍വാഹന വകുപ്പിന്റെ ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.ടി.അനില്‍ ആവശ്യപ്പെട്ടു..