ലോക് ഡൌൺ പിൻവലിക്കൽ. മുന്നറിയിപ്പുമായി പഠന റിപ്പോർട്ടുകൾ

0 872

ലോക് ഡൌൺ പിൻവലിക്കൽ. മുന്നറിയിപ്പുമായി പഠന റിപ്പോർട്ടുകൾ

രാജ്യത്ത് ലോക്ക് ഡൗൺ പൂർണ്ണ തോതിൽ പിൻവലിച്ചാൽ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും വരും നാളുകളിൽ കുത്തനെ ഉയരുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഗവേഷണ സ്ഥാപനങ്ങൾ കേന്ദ്രത്തിന് സംയുക്ത റിപ്പോർട്ട് നൽകി. ഓഗസ്റ്റ് വരെയെങ്കിലും രോഗ ഭീഷണി നിലനിൽക്കാമെന്നും, മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബംഗ്ലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ,ഐ ഐ ടി ബോംബെ, ജവഹർലാൽ നെഹ്റു സെന്റർ ‘ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇവയാണ്. ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് മരണ സംഖ്യ ആയിരം പിന്നിടാം. മെയ് അഞ്ചോടെ മൂവായിരം കടക്കും. മെയ് 12 ഓടെ പതിനായിരം പിന്നിട്ടേക്കാം. അങ്ങനെയെങ്കിൽ മെയ് അവസാനത്തോടെ അൻപതിനായിരത്തിന് അടുത്തെത്താം

ലോക് ഡൗൺ പിൻവലിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 65000 ൽ എത്തിയേക്കാം. മെയ് മുപ്പത്തിഒന്നോടെ ഒന്നര ലക്ഷം കടക്കും. ജൂൺ പകുതിയോടെ മൂന്ന് ലക്ഷവും, ജൂൺ അവസാനത്തോടെ പതിനൊന്ന് ലക്ഷവും കടന്നേക്കാമെന്നാണ് കണക്ക് കൂട്ടൽ. അതിനാൽ ഏറെ കരുതലോടെയേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവൂയെന്നാണ് റിപ്പോർട്ടിലെ നിർദേശം. കൂടുതൽ മുൻകരുതൽ സ്വീകരിക്കേണ്ട ആവശ്യകതയിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നു. മെയ് പകുതിയോടെ എഴുപത്തി ആറായിരം അധിക കിടക്കകൾ കൂടി ആശുപത്രികളിൽ സജ്ജമാക്കണം. വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറകളും കൂടുതൽ കരുതണം. പി പി ഇ കിറ്റുകളും, എൻ 95 മാസ്കളും ഇരട്ടി സംഭരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവിന്റെ നിർദ്ദേശപ്രകാരമാണ് പഠനം നടന്നത്.