ലോക്ഡൗണില്‍ കൗമാരക്കാരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കാന്‍ ‘ഉണര്‍വ്’ പരിപാടിയുമായി ആരോഗ്യ വകുപ്പ്

0 658

ലോക്ഡൗണില്‍ കൗമാരക്കാരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കാന്‍ ‘ഉണര്‍വ്’ പരിപാടിയുമായി ആരോഗ്യ വകുപ്പ്

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകെ നടപ്പിലാക്കിയ ലോക്ഡൗണ്‍ സമയത്ത് ജില്ലയിലെ കൗമാരപ്രായക്കാരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഉണര്‍വ്’ എന്ന പരിപാടി ആരംഭിക്കുന്നു. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് മുഴുവന്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടിവരുന്നവരില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത അനുഭവിക്കുന്ന വിഭാഗം 10 വയസ് മുതല്‍ 17 വയസ് വരെയുളള കൗമാരപ്രായക്കാരാണ്.  ഈ സാഹചര്യത്തില്‍ കൗമാരപ്രായക്കാരുടെ  ഒഴിവ് സമയം ക്രിയാത്മകമായി ഉപയോഗിച്ച് അവരുടെ സര്‍ഗാത്മകത പരിപോഷിക്കുന്നതോടൊപ്പം മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുളള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉണര്‍വിന്റെ  ഭാഗമായി ആസൂത്രണം ചെയ്തിട്ടുളളത്.

പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ UNARV Kannur എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. ഈ പേജ് വഴി വിവിധ തരം മല്‍സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പേജില്‍ അംഗങ്ങളായി പരിപാടികള്‍ വീക്ഷിക്കുകയും മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം. അടുത്ത ദിവസത്തെ പരിപാടികളുടെയും മല്‍സരങ്ങളുടെയും വിശദാംശങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം 6.15 ന് ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.

എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രഗല്‍ഭ മനശാസ്ത്ര വിദഗധര്‍, ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ-കരിയര്‍ വിദഗധര്‍, കലാ-കായിക മേഖലയിലെ പ്രശസ്തര്‍, മറ്റ് സെലിബ്രിറ്റികള്‍ എന്നിവരുടെ ക്ലാസുകള്‍, ടോക്കുകള്‍ എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. മല്‍സരാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 3 മണിക്കുളളില്‍ അവരുടെ അന്നേ ദിവസത്തെ സൃഷ്ടിക്കൊപ്പം പൂരിപ്പിച്ച അപേക്ഷാ ഫോറം കൂടി (ഫോറത്തിന്റെ മാതൃക ഫേസ്ബുക്ക് പേജില്‍ ലഭിക്കും)  9072 666 799 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് അയക്കേണ്ടതാണ്. അന്നേ ദിവസത്തെ മല്‍സര വിജയികളെ വൈകിട്ട് 6 മണിക്ക് പ്രഖ്യാപിക്കും. ഫേസ് ബുക്ക് പേജ് വഴിയും മാധ്യമങ്ങള്‍ വഴിയും മല്‍സര വിജയികളുടെ വിശദാംശങ്ങള്‍ അറിയിക്കും.

ഉണര്‍വ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് (മെയ് 4)് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍  നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി സുമേഷ്, തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ് പരിപാടിയെക്കുറിച്ചുളള വിശദീകരണം നല്‍കും. രാവിലെ 11 മണി മുതല്‍ 12 മണി വരെ ‘കൊറോണ – രക്ഷിതാക്കളും കുട്ടികളും’ എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസറും സൈക്യാട്രിസ്റ്റുമായ ഡോ. വാനതി സുബ്രഹ്മണ്യം ക്ലാസെടുക്കും. ഉച്ചയ്ക്ക്് 12 മണി മുതല്‍ കൗമാരക്കാര്‍ക്കുളള മല്‍സരം ആരംഭിക്കും.