തിരുവനന്തപുരം: ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിനെ തുടർന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും. വാഹന ഉടമകൾക്കെതിരായ കേസ് കോടതിക്ക് കൈമാറും. ഇനി വാഹനങ്ങൾ പിടിച്ചെടുക്കുന്ന കാര്യത്തിൽ നിയമോപദേശം നടത്തിയ ശേഷം തീരുമാനിക്കുമെന്നുമാണ് വിവരം.
ലോക്ഡൗൺ ലംഘനത്തെ തുടർന്ന് നിരവധി വാഹനങ്ങൾ സംസ്ഥാനത്ത് പിടിച്ചെടുത്തിരുന്നു. ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവ പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ലോക്ഡൗൺ തീർന്നതിന് ശേഷം മാത്രമേ വിട്ടുനൽകുമെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്.
സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ഇനിമുതൽ വാഹനങ്ങൾ പിടിച്ചെടുക്കില്ലെന്നും പകരം പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.