ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങള്‍ എങ്ങനെ, ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം

0 1,575

ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങള്‍ എങ്ങനെ, ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൃത്യമായ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഏതെല്ലാം സേവനങ്ങളും സ്ഥാപനങ്ങളുമാകും ഈ ഘട്ടത്തിൽ തുറന്നുപ്രവർത്തിക്കുക, യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങൾ എങ്ങനെയാണ്. എന്തിനെല്ലാമാണ് നിരോധനമുള്ളത് തുടങ്ങിയ കാര്യങ്ങൾ ചുവടെ വിശദീകരിക്കുന്നു.

ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ
* ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് നിരോധനം. അതേസമയം, മെഡിക്കൽ ആവശ്യങ്ങൾ, എയർ ആംബുലൻസ്, സുരക്ഷാ മേഖല തുടങ്ങിയവുമായി ബന്ധപ്പെട്ട ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി.
* മെട്രോ റെയിൽ സർവീസുകൾ ഉണ്ടാകില്ല

*സ്കൂളുകൾ, കോളേജുകൾ, പരിശീലന സ്ഥാപനങ്ങൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല. അതേസമയം, ഓൺലൈൻ-വിദൂര പഠന സംവിധാനങ്ങൾ തുടരാം.
* ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റു ഹോസ്പിറ്റാലിറ്റി സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല. അതേസമയം, പോലീസ്, ആരോഗ്യവകുപ്പ്, സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ക്വാറന്റീനിൽ കഴിയുന്നവർ, വിനോദസഞ്ചാരികൾ, ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയവർ തുടങ്ങിയവർക്ക് വേണ്ടിയുള്ള ഹോട്ടൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാം. ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകളും പ്രവർത്തിപ്പിക്കാം. ഹോം ഡെലിവറിക്കായും ഹോട്ടലുകൾ പ്രവർത്തിപ്പിക്കാം
* സിനിമാ തീയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, നീന്തൽക്കുളം, വിനോദ പാർക്കുകൾ, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ എന്നിവയും തുറക്കാൻ പാടില്ല. അതേസമയം, സ്പോർട്സ് കോംപ്ലക്സ്, സ്റ്റേഡിയം തുടങ്ങിവയ്ക്ക് പ്രവർത്തിക്കാം. എന്നാൽ സന്ദർശകരെയോ കാണികളെയോ അനുവദിക്കില്ല.

* എല്ലാതരത്തിലുമുള്ള രാഷ്ട്രീയ,സാമൂഹിക,വിനോദ,സാംസ്കാരിക,മതപരമായ കൂടിച്ചേരലുകൾക്കും നിരോധനം.
* എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. സംഘംചേർന്നുള്ള പ്രാർഥനകൾക്കും നിരോധനം.
കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത മേഖലകളിൽ അനുവദിക്കുന്നവ

* അന്തർ-സംസ്ഥാന യാത്ര(ബസുകൾ, മറ്റു വാഹനങ്ങൾ). എന്നാൽ സംസ്ഥാനങ്ങളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ സമ്മതത്തോടെ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ.
* സംസ്ഥാനത്തിനുള്ളിലെ യാത്ര(ബസുകളിലും മറ്റു യാത്രവാഹനങ്ങളിലും) അതത് സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് അനുവദിക്കാം.
വിവിധ സോണുകൾ

ഇനിമുതൽ റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ നിർണയിക്കുക അതത് സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ആയിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കും ഇത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ ആവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇവിടങ്ങളിൽനിന്ന് ആളുകൾ പുറത്തേക്ക് പോകുന്നില്ലെന്നും ആരും ഇവിടേക്ക് വരുന്നില്ലെന്നും ഉറപ്പാക്കും. അതേസമയം അടിയന്തര വൈദ്യസഹായം, ആവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയവയ്ക്ക് ഇളവ് നൽകും. കണ്ടെയ്ൻമെന്റ് സോണുകളിൽ വീടുകൾ തോറുമുള്ള നിരീക്ഷണവും കോൺടാക്ട് ട്രേസിങും ഉറപ്പുവരുത്തും.
രാത്രി കർഫ്യൂ

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള എല്ലാ യാത്രകൾക്കും നിരോധനം. പ്രാദേശിക ഭരണകൂടങ്ങൾ ഇത് സംബന്ധിച്ച ഉത്തരവിറക്കണം.
വയോധികർ, കുട്ടികൾ തുടങ്ങിയവർക്കുള്ള നിർദേശങ്ങൾ
65 വയസ്സിന് മുകളിലുള്ളവർ, അസുഖബാധിതർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ തുടങ്ങിയവർ വീടുകളിൽ തന്നെ കഴിയണം. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ ഇവർ പുറത്തിറങ്ങരുത്.