ലോക് ഡൗണ്‍ : ആറളം ഫാമില്‍ മുടങ്ങിയ കശുവണ്ടി ശേഖരണം പുനരാരംഭിച്ചു

0 1,700

 

കേളകം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിശ്ചലമായ ആറളം ഫാമില്‍  കശുവണ്ടി ശേഖരണം പുനരാരംഭിച്ചു. സാമൂഹ്യ അകലം പാലിച്ച് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് കശുവണ്ടി തോട്ടങ്ങളിൽ നിന്ന്  ശേഖരിക്കുന്നത്. ഫാമിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് രണ്ടുദിവസമായി കശുവണ്ടി ശേഖരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണം അവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫാമിലെ എംടിയുടെ ചുമതലയുള്ള തലശ്ശേരി സബ്കളക്ടര്‍ കശുവണ്ടി ശേഖരിക്കുന്നതിന് അനുമതി നല്‍കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫാമിന്റെ അധീനതയിലുള്ള 500 ഏക്കര്‍ വരുന്ന സ്ഥലത്തെ കശുമാവിന്‍ തോട്ടങ്ങളില്‍ നിന്നും കശുവണ്ടി ശേഖരണം നിലച്ചിരുന്നു.

 

കാട്ടാനയും മുള്ളന്‍ പന്നിയും ഉള്‍പ്പെടെ കശുവണ്ടി വ്യാപകമായി നശിപ്പിക്കുകയായിരുന്നു. സാമ്പത്തിക നഷ്ടം മൂലം പ്രതിസന്ധിയിലായ ഫാമിന്റെ പ്രധാന വരുമാനമായിരുന്നു കശുവണ്ടി. മൂന്നുമാസമായി ഫാമിലെ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. കശുവണ്ടിയില്‍ നിന്നുള്ള വരുമാനം പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാമെന്നിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. ഇതോടെ കശുവണ്ടി ശേഖരിക്കാന്‍ കഴിയാതെ കൃഷിയിടത്തില്‍ നശിക്കുകയായിരുന്നു.

 

വിവിധ ബ്ലോക്കുകളില്‍ ഉള്ള തൊഴിലാളികള്‍ കാല്‍നടയായി എത്തിയാണ് കശുവണ്ടി ശേഖരിക്കുന്നത്. വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടുവരരുത് എന്ന് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 15 ടണ്‍ കശുവണ്ടിയാണ് ഫാമില്‍ നിന്നും ശേഖരിച്ചത്. ഇരുന്നൂറോളം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കില്‍ മാത്രമേ ഇത്രയധികം കശുവണ്ടി ശേഖരിക്കാന്‍ കഴിയൂ. എങ്കിലും ഈ പുതിയ തീരുമാനം ഫാമിന് അല്പം ആശ്വാസം ആയിരിക്കുകയാണ്.

 

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു മുന്‍പ് ശേഖരിച്ച് 30 ടണ്‍ കശുവണ്ടി ക്യാപക്‌സിന് കൈമാറിയാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന വേധന  കുടിശ്ശികയില്‍ നിന്നും ഡിസംബര്‍ മാസത്തെ ശംബളം നല്‍കിയത്. ഫാമിന് പുറത്തുള്ള തൊഴിലാളികളും കശുവണ്ടി ശേഖരിക്കാന്‍ സന്നദ്ധത അറിയിച്ച് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.