കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണിന് പിന്നാലെ രാജ്യത്തെ പ്രധാന നദികളില്‍ മാലിന്യം കുറയുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ റിഷികേശിലും ഹരിദ്വാറിലും ഗംഗാ നദിയിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാവുന്ന തലത്തിലേക്ക് ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് എത്തുന്നത്. ഗുരുകുല്‍ കംഗ്രി സര്‍വ്വകലാശാലയിലെ മുന്‍ പ്രൊഫസറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ബി ഡി ജോഷിയുടേതാണ് നിരീക്ഷണം.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഗംഗാജലം ഇത്തരത്തില്‍ മാലിന്യമുക്തമാകുന്നതെന്നാണ് ബി ഡി ജോഷി വിശദമാക്കുന്നത്. വ്യവസായ ശാലകളിലെ മാലിന്യം, ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള അഴുക്കുവെള്ളം ഇവയെല്ലാം നദിയിലേക്ക് ഒഴുകി വരുന്നതില്‍ ലോക്ക്ഡൌണില്‍ 500 ശതമാനം കുറവുണ്ടായിയെന്നാണ് ബി ഡി ജോഷി വിശദമാക്കുന്നത്. ഗംഗാ ജലത്തില്‍ ദൃശ്യമായ രീതിയില്‍ മാറ്റമുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ സയന്‍റിഫിക് ഓഫീസര്‍ എസ് എസ് പാല്‍ നേരത്തെ വിശദമാക്കിയിരുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ കുളിക്കാനും കുടിക്കാനും ഗംഗയിലെ ജലം ഉപയോഗിക്കാമെന്നും ഇദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവും മാലിന്യം നദിയിലേക്കെത്തുന്നതില്‍ കുറവ് വരാന്‍ ഘടകമായെന്നാണ് എസ് എസ് പാല്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്തെ വായുമലിനീകരണ തോത് ഗണ്യമായി കുറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലും സമാന മാറ്റം വായുവിലുണ്ടായി എന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മാറ്റം വരുമോ എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ലഭ്യമായിട്ടില്ല.