ലോക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച പൊതുഗതാഗത സംവിധാനം പൂർണതോതിൽ പുനരാരംഭിക്കാൻ ജൂൺ പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരും
ലോക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച പൊതുഗതാഗത സംവിധാനം പൂർണതോതിൽ പുനരാരംഭിക്കാൻ ജൂൺ പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരും. കോവിഡ് വ്യാപനത്തിെൻറ എല്ലാ സാധ്യതകളും ഇല്ലാതായശേഷമേ പൊതുഗതാഗതം സാധാരണ നിലയിലാകൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന സൂചന. ഏപ്രിൽ 30ന് ലോക്ഡൗൺ പിൻവലിച്ചാൽപോലും പൊതുഗതാഗതത്തിൽ കർശന നിയന്ത്രണം വേണമെന്നാണ് വകുപ്പ് സർക്കാറിനോട് ശിപാർശ ചെയ്തിട്ടുള്ളത്.
അന്തർസംസ്ഥാന ഗതാഗതം ഉടനെയൊന്നും അനുവദിക്കേണ്ടെന്നാണ് വകുപ്പിെൻറ നിലപാട്. ഇരുചക്രവാഹനത്തിൽ ഒരാളിൽ കൂടുതലും സ്വകാര്യ കാറിൽ മൂന്നുപേരിൽ കൂടുതലും അനുവദിക്കരുത്, ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം, ലോക്ഡൗൺ നീങ്ങിയാലും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കർശനമായി നിയന്ത്രിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. യാത്രക്കാരും ജീവനക്കാരും കർശന നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ ഓട്ടോ, ടാക്സി, അന്തർസംസ്ഥാന വാഹനങ്ങൾ, സ്വകാര്യ ബസുകൾ എന്നിവക്ക് സർവിസിന് അനുമതി നൽകാനാവൂ എന്നാണ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ ബസുടമകളും ഇക്കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്ഡൗൺ പിൻവലിക്കുന്നതോടെ ബസുകൾ നിരത്തിലിറക്കാൻ വൻ സാമ്പത്തിക ചെലവ് വരുമെന്ന് ഉടമകൾ പറയുന്നു. ബസുകൾ ആഴ്ചകളായി പല സ്ഥലങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്. കാര്യമായ അറ്റകുറ്റപ്പണി വേണ്ടിവരും. ബസുകൾ നിരത്തിലിറങ്ങിയാൽതന്നെ വ്യാപാര, വ്യവസായ മേഖലകൾ പ്രവർത്തിച്ചു തുടങ്ങുകയും ട്രെയിൻ ഗതാഗതം പൂർണതോതിലാകുകയും ചെയ്യാതെ യാത്രക്കാരുണ്ടാകില്ല. ഈ സാഹചര്യത്തിൽ പൊതുഗതാഗതം പൂർവസ്ഥിതിയിലെത്താൻ ഇനിയും രണ്ടു മാസമെങ്കിലും എടുക്കും.