ലോകായുക്ത ഭേദഗതി നിയമപരമായി നിലനിൽക്കാൻ സാധ്യതയില്ലെന്ന നിലപാടിലുറച്ച് സിപിഐ. ഭേദഗതിക്ക് മുന്നേ കൂടിയാലോചനകൾ വേണമായിരുന്നു എന്നാണ് സിപിഐ വ്യക്തമാക്കിയത്. ലോകായുക്ത വിഷയത്തിൽ ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു.
ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ട സാഹചര്യത്തിലും സി.പി.ഐ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ഗവർണർ ഒപ്പുവെച്ചതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രൻ അതൃപ്തി വ്യക്തമാക്കി. ഭേദഗതിയുടെ ആവശ്യകത ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാൽ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിൻറെ പ്രതികരണം.
അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. ആദ്യം മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമെന്നും കാനം കൂട്ടിച്ചേർത്തു. ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷത്തിന് സമാനമായി എതിർപ്പാണ് സിപിഐയും പ്രകടിപ്പിച്ചത്. ഗവർണ്ണർ ഒപ്പിട്ടതോടെ സർക്കാരിന് ആശ്വാസം ആയെങ്കിലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ അനുയനത്തിൻറെ പാതയിലെത്താത്തത് സിപിഎമ്മിന് തലവേദനയാണ്. ഓർഡിനൻസിൽ ഇപ്പോഴും എതിർപ്പുണ്ടെന്ന് കാനം തുറന്നടിച്ചു. ഓർഡിനൻസ് കൊണ്ട് വരാനുള്ള അടിയന്തര സാഹചര്യം പാർട്ടിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.
ഇപ്പോഴും പരസ്യഎതിർപ്പ് പ്രകടപ്പിക്കുന്ന സാഹചര്യത്തിൽ സിപിഎം നേതൃത്വം സിപിഐയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്ന നിയമോപദേശമാണ് നിയമഭേദഗതിക്ക് പിന്നിലെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു.