ലോകായുക്ത; കെടി ജലീലിനെ പിന്തുണച്ച് ഇപി ജയരാജൻ
ലോകായുക്ത വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് സിപിഐഎം നേതാവ് ഇപി ജയരാജൻ. ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവുൾപ്പടെ ഈ വിഷയത്തെ സമീപിക്കുന്നത്. ലോയേഴ്‌സ് കോൺഗ്രസ് നൽകിയ ഹർജി ഉൾപ്പടെ ആ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പറഞ്ഞു.
ഇപി ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ പുറപ്പെട്ട കോൺഗ്രസ് ഇതുവരെയും കെ.ടി ജലീൽ ഉന്നയിച്ച വിഷയങ്ങളിൽ ഏതെങ്കിലും ചർച്ചനടത്തുകയോ ആ വിവരങ്ങളെ കുറിച്ച് അന്വേഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മറിച്ച് അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവുൾപ്പടെ ഈ വിഷയത്തെ സമീപിക്കുന്നത്. ലോയേഴ്‌സ് കോൺഗ്രസ് നൽകിയ ഹർജി ഉൾപ്പടെ ആ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീൽ സംസാരിച്ചത്. ആ കാര്യങ്ങളെ വസ്തുതാപരമായി പഠിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഉത്തരവാദിത്വമുള്ള പാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസ് തയ്യാറേകേണ്ടത്. ലോകായുക്ത വിഷയവുമായി ബന്ധപ്പെട്ട് നിയമ മന്ത്രിയും സർക്കാരും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ലോകായുക്തയെ കുറിച്ച് ജലീൽ മുന്നോട്ടുവെച്ച കാര്യങ്ങൾ പരിശോധിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാകണം. രാഷ്ട്രീയമായി കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഈ വിഷയത്തിൽ കോൺഗ്രസിന് ലോകായുക്തയോടുള്ള സ്‌നേഹം ജനങ്ങൾ തിരിച്ചറിയും.
കോവിഡ്കാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരും ഇടതുപക്ഷപ്രസ്ഥാനങ്ങളും. ഒപ്പം നാടിന്റെ വികസനം ലക്ഷ്യമാക്കി ജനോപകാരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. എന്നാൽ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രവർത്തനങ്ങളിലും കോൺഗ്രസിനെയോ മറ്റ് യുഡിഎഫ് സഖ്യ കക്ഷികളെയോ കാണാനില്ല. പകരം കെ.ടി ജലീലിനെപ്പോലെയുള്ള ജനസമ്മതരായ വ്യക്തികളെ രാഷ്ട്രീയമായി ആക്രമിക്കാൻ സമയം കണ്ടെത്തി തല്പര വിഷയങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവുകയുമാണ് കോൺഗ്രസ്. ഇത് ഇപ്പോഴത്തെ കോൺഗ്രസിനെ കൂടുതൽ ശിഥിലമാക്കാനേ സഹായിക്കൂ.