ലോകായുക്ത ഓര്‍ഡിനന്‍സ്; യുഡിഎഫ് സംഘം ഗവര്‍ണറെ കാണും

489

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വെയ്ക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ലോകായുക്തയുടെ ശക്തി ഇല്ലാതാക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തുകയാണ് യുഡിഎഫ് ന്റെ  ലക്ഷ്യം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ തിരിക്കിട്ട് ഒപ്പ് വെയ്ക്കില്ലെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം ഗവര്‍ണറെ കാണുക. ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, പിഎംഎ സലാം, മോന്‍സ് ജോസഫ് , എഎ അസീസ്, സി പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. നിയമവിരുദ്ധമായ നടപടിയാണ് സര്‍ക്കാരിന്റെതെന്നാണ് പ്രതിപക്ഷ വാദം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും ഗവര്‍ണറെ യു.ഡിഎഫ് ധരിപ്പിക്കും. സര്‍ക്കാര്‍ കൈമാറിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിച്ചുവെങ്കിലും തീരുമാനം എടുത്തിട്ടില്ല. നിയമോപദേശം തേടി അത് കൂടി പരിഗണിച്ചാവും തീരുമാനം.

നിയമസഭ സമ്മേളനം അടുത്തിരിക്കെ തിരക്കിട്ട് ഗവര്‍ണര്‍ തീരുമാനം എടുക്കില്ലെന്നാണ് സൂചനകള്‍. അങ്ങനെ തീരുമാനം വൈകിയാല്‍ സര്‍ക്കാരിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കേണ്ടി വരും. മറിച്ച് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കുകയാണെങ്കില്‍ സര്‍ക്കാരിന് വീണ്ടും ഗവര്‍ണറെ സമീപിച്ച് ഓര്‍ഡിനന്‍സിന് അംഗീകാരം വാങ്ങാന്‍ കഴിയും. ഇത് കൂടി മുന്നില്‍ കണ്ട് നിയമസഭാ സമ്മേളനം തുടങ്ങുന്നത് വരെ തീരുമാനം എടുക്കുന്നത് ഗവര്‍ണര്‍ വൈകിക്കുമോയെന്നതും നിര്‍ണായകമാണ്.