എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു

0 141

 

 

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.

ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയില്‍നിന്ന് 2000 രൂപയാകും വാര്‍ഷിക വാടക. കൂടുതല്‍ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയില്‍നിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച്‌ 31 മുതല്‍ നിലവില്‍വരും.

മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാര്‍ഷിക വാടക 8000 രൂപയായി. ശരാശരി വര്‍ധന 33 ശതമാനമാണ്.

രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വര്‍ധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച്‌ 1,500 രൂപമുതല്‍ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്‌ട്രേഷന്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തില്‍ നല്‍കേണ്ടിവരിക. ലോക്കര്‍ വാടക യഥാസമയം അടച്ചില്ലെങ്കില്‍ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വര്‍ഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കില്‍ ലോക്കര്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബാങ്കുകള്‍ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകില്‍ ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനും അല്ലെങ്കില്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയയ്ക്കുന്നത്.

Get real time updates directly on you device, subscribe now.