ലോക്സഭയില്‍ വീണ്ടും കയ്യാങ്കളി

0 193

 

ദില്ലി: ദില്ലി കലാപത്തെച്ചൊല്ലി ഉടന്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഇന്നും ലോക്സഭയില്‍ കയ്യാങ്കളി. ആലത്തൂര്‍ എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപിയുമായി ഇന്നും കയ്യാങ്കളി നടന്നു. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്‍റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ഇനി അച്ചടക്കലംഘനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും, ഒരു വശത്ത് നിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാര്‍ പോയാല്‍ ഈ സമ്മേളനക്കാലയളവ് മുഴുവന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും ഇന്ന് രാവിലെ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഒപ്പം സഭയിലേക്ക് പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും കൊണ്ടുവരരുതെന്നും ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാലിതിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് ഉച്ച വരെ സഭ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ദില്ലി കലാപത്തെക്കുറിച്ച്‌ ഇന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഹോളി അവധിക്ക് ശേഷം മാര്‍ച്ച്‌ 11-ന് ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ പറ‌ഞ്ഞു. ഹോളി ജനങ്ങള്‍ സൗഹാര്‍ദപരമായി ആഘോഷിക്കട്ടെ എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി. അതിന് ശേഷമാണ് കയ്യാങ്കളിയടക്കമുള്ള സംഭവങ്ങളുണ്ടായത്. ലോക്സഭയില്‍ ബില്ല് പാസ്സാക്കാനുള്ള നടപടികള്‍ മുന്നോട്ടുപോവുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒരു വശത്ത് നിന്ന് മുദ്രാവാക്യം വിളികള്‍ തുടങ്ങി. അപ്പോഴും നടപടികള്‍ നിര്‍ത്താന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇതോടെ ലോക്സഭയിലെ പ്രതിപക്ഷനേതാവായ അധിര്‍ രഞ്ജന്‍ ചൗധുരി സ്പീക്കറുടെ വിലക്ക് ലംഘിച്ച്‌ മറുവശത്തേക്ക് ഓടി. ഭരണപക്ഷത്തിന്‍റെ ഭാഗം വഴി സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചു.

ഇതോടെ, ചൗധുരിയെ തടയാന്‍ ബിജെപി എംപിമാര്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി വനിതാ എംപിമാര്‍ നടുത്തളത്തിലിറങ്ങി നിന്നു. പ്രതിപക്ഷ എംപിമാര്‍ മറുവശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു ശ്രമം. അവിടേക്ക് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം എത്തി, ഈ പ്രതിരോധം മറികടക്കാന്‍ ശ്രമിച്ചു.

ഇതിനിടെയാണ് ഒരു ബിജെപി എംപിയും രമ്യാ ഹരിദാസ് എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാന്‍ ഈ ബിജെപി എംപി ശ്രമിച്ചു. കുതറിമാറി മുന്നോട്ട് കുതിക്കാന്‍ രമ്യാ ഹരിദാസും ശ്രമിച്ചു. ഇതോടെ അവരെ പിന്നോട്ട് തള്ളാന്‍ ബിജെപി എംപി ശ്രമിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടായി.

ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതില്‍ ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. ഇതാണ് ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു വശത്ത് ബിജെപി എംപിമാര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. മറുവശത്ത് ടി എന്‍ പ്രതാപനെതിരെ പ്രതിഷേധം. ഇതോടെ ബഹളം പാരമ്യത്തിലെത്തി. ഈ സാഹചര്യത്തിലാണ് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവച്ചത്.