‘ബോക്സ് ഓഫീസ് കലക്ഷന്‍ നോക്കിയാല്‍ ഈ സിനിമ ഇപ്പോള്‍ ഞാന്‍ ചെയ്യേണ്ടതല്ല’; ടോവിനോ തോമസ്

0 2,707

തിയറ്ററുകളിലെ ഗംഭീര വിജയത്തിന് ശേഷം ‘തല്ലുമാല’ നെറ്റ്ഫ്ലിക്സിലും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ആഗോള വ്യാപകമായി 70 കോടിയുടെ ബിസിനസ് സ്വന്തമാക്കിയ ചിത്രം ടോവിനോയുടെ സിനിമാ കരിയറിലെ മികച്ച പണം വാരി ചിത്രമായിരുന്നു. എന്നാല്‍ ബോക്സ് ഓഫീസ് കലക്ഷനുകളല്ല തന്‍റെ സിനിമാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നില്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടോവിനോ ഇപ്പോള്‍. ഒ.ട.ടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ തന്‍റെ സിനിമാ അഭിരുചി തുറന്നുപറഞ്ഞത്.

‘തല്ലുമാല’ പുറത്തിറങ്ങിയതിന് ശേഷമുള്ള ബോക്സ് ഓഫീസ് കലക്ഷന്‍ നോക്കിയാല്‍ താനൊരിക്കലും ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങള്‍’ പോലെയുള്ള ഇപ്പോള്‍ ചിത്രീകരിക്കുന്ന സിനിമക്ക് തയ്യാറാകില്ലെന്നും കലാ പ്രാധാന്യം മാത്രമാണ് സിനിമാ തെരഞ്ഞെടുപ്പിലെ തന്‍റെ മാനദണ്ഡമെന്നും ടോവിനോ വ്യക്തമാക്കി. എന്‍റെ മനസ്സിലെ സിനിമ എന്നത് കലാപരമാണ്. ഇപ്പോള്‍ ഞാന്‍ ചിത്രീകരണത്തിന്‍റെ ഭാഗമായിരിക്കുന്ന ചിത്രം ഡോ. ബിജുവിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’ ആണ്. ബോക്സ് ഓഫീസ് കലക്ഷന്‍ ആണ് നോക്കുന്നതെങ്കില്‍ ഒരിക്കലും തല്ലുമാലക്ക് ശേഷം ഈ സിനിമ ചെയ്യുമായിരുന്നില്ലെന്ന് ടോവിനോ പറഞ്ഞു.

‘വര്‍ഷങ്ങളായി ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാത ഇതാണ്. ഇതുവഴി തന്നെയാണ് ഞാനിവിടെ എത്തിച്ചേര്‍ന്നതും. മമ്മൂക്കയും ലാലേട്ടനും മാസ് സിനിമകളിലൂടെ മാത്രമല്ല താരങ്ങളായത്. അവരാണ് എന്‍റേ റോള്‍ മോഡലുകള്‍. ആ വഴിയാണ് ഞാന്‍ പോകുന്നത്’, ടോവിനോ പറഞ്ഞു.

‘ഞാൻ എപ്പോഴും കലയ്ക്കാണ് മുൻഗണന നൽകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സിനിമയെ ഒരു കലാരൂപമായി കാണണം. സിനിമാക്കാരനും പ്രേക്ഷകനും അതൊരു വിനോദ മാധ്യമമായി കാണേണ്ടിവരും. പ്രേക്ഷകർ വിനോദത്തിനായാണ് സിനിമ കാണുന്നതെങ്കിൽ ഒരു കലാരൂപമെന്ന നിലയിൽ എനിക്ക് അതിൽ നിന്ന് സംതൃപ്തി ലഭിക്കും. എന്‍റെ സ്വന്തം കല കണ്ട് ഞാൻ രസിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാവില്ല, അഭിനയ പ്രകടനങ്ങളില്‍ നിന്ന് മാത്രമേ എനിക്ക് സംതൃപ്തി ലഭിക്കൂ’, ടോവിനോ പറഞ്ഞു.

Get real time updates directly on you device, subscribe now.