സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയെന്ന് പേരുണ്ടെങ്കിലും അതിനനുസരിച്ചുള്ള ശ്രദ്ധ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ ദിവസവും വലയുന്നത് നൂറുകണക്കിന് രോഗികൾ. സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ അവഗണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹവുമായി എത്തിയവർക്ക് ഫോറൻസിക് സർജന്റെ അഭാവത്തിൽ ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നതാണ് ഒടുവിൽ വിവാദമായിരിക്കുന്നത്.
അഞ്ചു വർഷത്തിനിടെ കെട്ടിടങ്ങളുടെ കാര്യത്തിൽ ആശുപത്രി വലിയ പുരോഗതി നേടിയിട്ടുണ്ട്. ആറു നിലകളിലുള്ള പുതിയ കെട്ടിടത്തിലാണ് ഒ.പി, അത്യാഹിതം, ഐ.പി എന്നിങ്ങനെ ഒട്ടുമിക്ക യൂനിറ്റുകളും പ്രവർത്തിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ആശുപത്രി നേരിടുന്ന വലിയ പ്രശ്നം. 200ഓളം കിടക്കകളാണ് ആകെയുള്ളത്. എന്നാൽ, നിലവിൽ 56 കിടക്കകൾക്കുള്ള ജീവനക്കാരേയുള്ളൂ. മാസം നൂറോളം പ്രസവം നടക്കുന്ന ആശുപത്രിയിൽ രണ്ടു ഗൈനക്കോളജിസ്റ്റുകളാണുള്ളത്.
കൽപറ്റ ജനറൽ ആശുപത്രിയുമായി താരതമ്യം ചെയ്യുമ്പോൾ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയാണ്. എന്നാൽ, ജീവനക്കാരുടെ എണ്ണം കൽപറ്റയിലുള്ള അത്രയും സുൽത്താൻ ബത്തേരിയിൽ ഇല്ല. ഒരേ സമയം 10 പേരെ ഡയാലിസിസ് ചെയ്യാൻ കഴിയുന്ന യൂനിറ്റ്, എക്സ്റേ, ബ്ലഡ് ബാങ്ക്, പബ്ലിക് ഹെൽത്ത് ലാബ്, വൈറോളജി ലാബ്, ജില്ല കോവിഡ് പരിശോധനകേന്ദ്രം, പീഡിയാട്രിക്, നവജാതശിശു, സർജിക്കൽ ഐ.സി.യുകൾ, ഗൈനക്കോളജി, ഇ.എൻ.ടി, ജനറൽ, ഓർത്തോ വിഭാഗം, ഓപറേഷൻ തിയറ്ററുകൾ, പെയ്ൻ ആൻഡ് പാലിയേറ്റിവ് സ്പെഷൽ വാർഡ്, ഐസൊലേഷൻ വാർഡ്, ഫാർമസി എന്നിങ്ങനെ ആശുപത്രിയിലെ സൗകര്യങ്ങൾ ഏറെയാണ്.
പോസ്റ്റ്മോർട്ടം യൂനിറ്റ് ആരംഭിച്ചെങ്കിലും ഒരു ഫോറൻസിക് സർജനെ ഇതുവരെ നിയമിച്ചിട്ടില്ല. വർക്ക് അറേജ്മെന്റിലാണ് ഇവിടെ പോസ്റ്റ്മോർട്ടം നടത്തുന്നത്. കഴിഞ്ഞ ദിവസം നാലു മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താനാവാതെ സൂക്ഷിക്കേണ്ടി വന്നു. സർജൻ അവധിയിൽ പോയതാണ് കുഴപ്പമായത്. കൽപറ്റയിൽനിന്ന് വർക്ക് അറേജ്മെന്റിലായിരുന്നു ഫോറൻസിക് സർജൻ എത്തിയിരുന്നത്. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോട്ടയത്തേക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ്. ഇതോടെ പോസ്റ്റ്മോർട്ടം യൂനിറ്റ് കൂടുതൽ അവതാളത്തിലാകും. തള്ളിക്കയറ്റത്തിനനുസരിച്ച് ജീവനക്കാർ ഇല്ലാത്തതിനാൽ മൊത്തത്തിൽ ആശുപത്രി പ്രവർത്തനം താളംതെറ്റുകയാണ്.
ഡോക്ടർമാർ ഉൾപ്പെടെ ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയാറാവണമെന്ന ആവശ്യമാണ് ഉയരുന്നത്. ജീവനക്കാരുടെ അഭാവം സർക്കാറിനെ അറിയിച്ചതായി സുൽത്താൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അധികാരികൾ മാസങ്ങൾക്കുമുമ്പ് അറിയിച്ചിരുന്നതാണ്. ഒന്നുമുണ്ടായില്ല.