കൊറോണ പേടിച്ച് കേരളത്തില്‍നിന്ന് വന്ന ബംഗാളി ‘കോടിപതി’യായി
കൊല്‍ക്കത്ത: ആകെയുണ്ടായിരുന്ന ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്ന് സ്വദേശത്തേക്ക് പാഞ്ഞ പരശ്ശതം ബംഗാളി തൊഴിലാളികളിലൊരാളായിരുന്നു ഇജാറുള്‍ ഷേഖ്. ഭാവി ചോദ്യചിഹ്നമായപ്പോള്‍ പരീക്ഷണാര്‍ഥം ഒരു ലോട്ടറി വാങ്ങി. മൂന്ന് ദിവസത്തെ ഇടവേളയില്‍ ജീവിതം മാറിമറിഞ്ഞു. ഇജാറുളിന് അടിച്ചത് ഒരു കോടിയുടെ സമ്മാനം.
മുര്‍ഷിദാബാദ് ജില്ലയിലെ ബേല്ഡാംഗാ സ്വദേശിയായ ഇജാറുള്‍ വര്‍ഷങ്ങളായി കേരളത്തില്‍ മേസ്തിരിപ്പണിക്കാരനാണ്. പ്രളയകാലത്തും കേരളത്തില്‍നിന്ന് ജീവനുംകൊണ്ടോടി വന്ന അനുഭവമുണ്ട്. ഇത്തവണ കേരളത്തില്‍ കൊറോണ പരക്കുന്നതായി വാര്‍ത്ത വന്നതോടെ നാടുപിടിക്കാന്‍ തീരുമാനിച്ചു. ജനറല്‍ കമ്ബാര്ട്ട്മെമെന്റില് ഞെങ്ങി ഞെരുങ്ങി ഏറെ ക്ളേശിച്ചാണ് നാട്ടിലെത്തിയത്. ഉഷ്ണംകാരണം പൊറുതിമുട്ടിയ യാത്രയ്ക്കിടെ അല്‍പ്പംകൂടെ സമ്ബാദ്യം കൈയിലുണ്ടായിരുന്നെങ്കില്‍ എ.സി. കോച്ചില്‍ വരാമായിരുന്നെന്ന് ആശിച്ചുപോയി. പക്ഷേ, യാത്രയിലെ കഷ്ടപ്പാടിനെക്കാള്‍ ഇനി എന്തുചെയ്യും എന്ന ആശങ്കയായിരുന്നു നാട്ടിലെത്തിയപ്പോള്‍. ബുധനാഴ്ച വീടിനടുത്തുള്ള പട്ടണത്തില്‍ പോയപ്പോള്‍ ലോട്ടറി വാങ്ങാന്‍ തോന്നിയതും അതുകൊണ്ടാണ്. പക്ഷേ, ഒരിക്കലും ഒരു കോടിയുടെ സമ്മാനം കിട്ടുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് ഇജാറുള്‍ പറഞ്ഞു.
ലോട്ടറിയടിച്ച വാര്‍ത്തയറിഞ്ഞ് ഇജാറുളിന്റെ വീട്ടിലേക്ക് പരിസരവാസികള്‍ കൂട്ടമായെത്തി. വിരുന്നുകാര്‍ക്ക് സാധാരണ കട്ടന്‍ചായ കൊടുക്കാന്‍തന്നെ പാടുപെടുന്ന കുടുംബം എല്ലാവരെയും നാരങ്ങാ സര്‍ബത്ത് നല്കി സല്ക്കരിച്ചു. കേരളത്തിലേക്ക് ഇനിയില്ലന്നാണ് ഇജാറുള്‍ പറഞ്ഞത്. നാട്ടില്‍ ഒരു കച്ചവടം തുടങ്ങി കുടുംബത്തോടൊപ്പം കഴിയണം. തന്റെ മൂന്ന് മക്കളെ കഴിയാവുന്നിടത്തോളം നല്ല വിദ്യാഭ്യാസം ചെയ്യിക്കണം, ഇതൊക്കെയാണ് ആഗ്രഹങ്ങള്‍.
ഇജാറുളിന് ഭാഗ്യം തെളിഞ്ഞെങ്കിലും ഒപ്പം കേരളത്തില്‍നിന്നുവന്ന പലരും ആശങ്കയിലാണ്. കൊറോണഭീതി തുടര്‍ന്നാല്‍ ജീവിതം വഴിമുട്ടുമെന്നാണ് ഇവര്‍ പറയുന്നത്