ലൂസിഫര്‍ തെലുങ്കില്‍ സയിദ് മസൂദായി അല്ലു അര്‍ജുന്‍? പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

0 1,008

ലൂസിഫര്‍ തെലുങ്കില്‍ സയിദ് മസൂദായി അല്ലു അര്‍ജുന്‍? പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

 

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന സിനിമ ചരിത്ര വിജയമായി മാറിയിരുന്നു. ലൂസിഫര്‍ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയിരുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജിവിയാണ് ലൂസിഫറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുന്ന ചിത്രം സാഹോ സംവിധായകന്‍ സുജിത്താണ് ഒരുക്കുന്നത്.

 

ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ സിനിമ നിര്‍മ്മിക്കുന്നു. നിലവില്‍ റീമേക്ക് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫര്‍ തെലുങ്കില്‍ സയ്യിദ് മസൂദായി ആരായിരിക്കും എത്തുകയെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന കാര്യമാണ്. നേരത്തെ സയിദ് മസൂദായി തെലുങ്കിലും ചെയ്യാന്‍ പൃഥ്വിരാജിനെ ചിരഞ്ജീവി ക്ഷണിച്ചിരുന്നു.

 

എന്നാല്‍ മെഗാസ്റ്റാറിന്റെ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ച താരം രാംചരണിനോട് ആ വേഷം ചെയ്യാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വേഷത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനായിരിക്കും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം തന്നെ പ്രാധാന്യമുളള റോളായിരുന്നു പൃഥ്വിയുടെത്.

 

തെലുങ്കില്‍ ഈ റോളിലേക്ക് മലയാളികളുടെ ഇഷ്ട താരം കൂടിയായ അല്ലുവിനെയാണ് പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. അല്ലു അര്‍ജുനൊപ്പം തന്നെ രാംചരണിന്റെ പേരുകളും ഈ കഥാപാത്രത്തിനായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.

 

മലയാളത്തില്‍ മുരളി ഗോപിയുടെ തിരക്കഥയിലാണ് ലൂസിഫര്‍ ഒരുങ്ങിയത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്ബള്ളിയായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. മോഹന്‍ലാലിനൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, സായികുമാര്‍,സാനിയ അയ്യപ്പന്‍ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മലയാളത്തില്‍ 200 കോടി ക്ലബില്‍ എത്തിയ ആദ്യ ചിത്രമായും ലൂസിഫര്‍ മാറിയിരുന്നു.

 

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യം ഭാഗ്യം വലിയ വിജയമായതിന് പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്ബുരാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. എമ്ബുരാനില്‍ ഖുറേഷി അബ്രഹാമിന്റെ കഥയാകും പറയുക. സിനിമ അടുത്ത വര്‍ഷമാകും ആരംഭിക്കുക

 

ഒരു ചിരിയില്‍ ഒരായിരം കഥ പറയുന്ന ചിലരുണ്ട്! വീണാ നായരുടെ പോസ്റ്റ് വൈറല്‍