ഇരിട്ടി: മഗ് രിബ് നമസ്കരത്തിന് പള്ളി വക പാരിഷ് ഹാൾ തുറന്നു നൽകി വൈദീകനും ദേവാലയ അധികൃതരും. എടൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ മെൻസാ ക്രിസ്റ്റി ഹാളാണ് ഫൊറോനാ വികാരി മുസ്ലിം സഹോദരങ്ങൾക്കായി തുറന്നു നൽകി മതസൗഹാർദതയുടെ മാതൃക സൃഷ്ടിച്ചത്. ആറളം പൗരാവലിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ ആറളത്ത് നിന്ന് ചെടിക്കുളം വഴി എടൂരിലേക്ക് ലോങ്ങ് മാർച്ച് നടത്തിയിരുന്നു. സമാപന സ്ഥലമായ എടൂരിൽ മാർച്ച് എത്തിയപ്പോൾ 7 മണിയായി. നൂറും കണക്കിന് ഇസ്ലാം മതവിശ്വാസികളും മാർച്ചിൽ അണിനിരന്നിരുന്നു. മുസ്ലിം പള്ളി ഇല്ലാത്തതിനാൽ പള്ളി വക സ്കൂൾ മൈതാനം തങ്ങളുടെ നിസ്കാരം നിർവഹിക്കാനായി അനുവദിക്കുമോയെന്ന് ഫൊറോനാ വികാരിയോടും ചോദിച്ചു. മണ്ണ് പൊടിയും നിറഞ്ഞ മൈതാനം വേണ്ട പാരിഷ് ഹാൾ ഉപയോഗിച്ചുകൊള്ളുവെന്ന് പറഞ്ഞ് തുറന്നു നൽകുകയായിരുന്നു.