മഹാരാഷ്ട്രയില്‍ 50ശതമാനം തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ നിര്‍ദ്ദേശം
മുംബൈ:കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളിലേക്ക് 50 ശതമാനം തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ നിര്‍ദ്ദേശം.ഇതുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടേതാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളില്‍ നിന്ന് 50 ശതമാനം തടവുകാരെതാല്‍ക്കാലിക ജാമ്യത്തിലോ പരോളിലോ മോചിപ്പിക്കാനാണ് സമിതി തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ ഏത് തരം തടവുകാരെ വിട്ടയക്കണമെന്നോ വിട്ടയക്കുന്നതിനുള്ള സമയപരിധിയോ നിശ്ചയിച്ചിട്ടില്ല.
മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ.സയീദ് അധ്യക്ഷനായ ഉന്നതതല സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദെ, ജയില്‍ ഡിജിപി എസ്.എന്‍.പാണ്ഡെ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.
35,239 തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ളത്. നിര്‍ദേശം നടപ്പാക്കിയാല്‍ ഇതില്‍ പകുതി പേര്‍ക്ക് പുറത്തുകടക്കാം.