മഹാരാഷ്ട്രയില്‍ ട്രാക്കിൽ കിടന്നുറങ്ങിയ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു

0 1,109

മഹാരാഷ്ട്രയില്‍ ട്രാക്കിൽ കിടന്നുറങ്ങിയ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 14 പേർ ട്രെയിനിടിച്ച് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം ട്രാക്കിൽ കിടന്ന് ഉറങ്ങുകയായിരുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവർ. യാത്രക്കിടയിൽ ഔറാംഗാബാദിലെ കർമാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് വിവരം.
ജൽനയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ജൽനയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള ഭുവാസലിലേക്ക് ഇവർ റെയിൽവേ ട്രാക്കിലൂടെ കാൽനടയായി ഇവർ സഞ്ചരിക്കുകയായിരുന്നു. 45 കിലോമീറ്ററുകൾ പിന്നിട്ടതോടെ തളർന്ന ഇവർ റെയിൽവേ ട്രാക്കിൽ കിടന്ന് ഉറങ്ങി. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
‘കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചത്. കർമാട് വരെയെത്തിയ സംഘം ക്ഷീണിതരായതിനെ തുടർന്ന് ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു.’ പോലീസ് ഉദ്യോഗസ്ഥൻ സന്തോഷ് കെട്മലാസ് പറഞ്ഞു.