മാഹി മേഖലയില്‍ നിയന്ത്രണം ശക്തമാക്കി

0 682

മയ്യഴി : മാഹി ചെറുകല്ലായിയിലെ 71-കാരന് കോവിഡ് രോഗബാധ വ്യക്തമായ സാഹചര്യത്തില്‍ മേഖലയില്‍ നിയന്ത്രണം ശക്തമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അടുത്തിടപഴകിയ 26 പേരെ വീട്ടുനിരീക്ഷണത്തിലാക്കി. ഇവരില്‍ 11 പേരുടെ സാമ്ബിളുകള്‍ മാഹി ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ വ്യാഴാഴ്ച പരിശോധനക്ക് അയക്കും.

മാഹി അഡ്മിനിസ്ടേറ്ററുടെ ഓഫീസില്‍ അഡ്മിനിസ്ട്രേറ്റര്‍ അമന്‍ ശര്‍മ്മയുമായി ഇത് സംബന്ധിച്ച്‌ തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ.യൂസഫ്, കണ്ണൂര്‍ അസിസ്റ്റന്‍റ് കളക്ടര്‍ ഹാരിസ് എന്നിവര്‍ ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മാഹിയുടെ കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തിപ്രദേശമാണ് ചെറുകല്ലായി. മാഹിയും ഇതിനോട് ചേര്‍ന്നുകിടക്കുന്ന ന്യൂമാഹിയും അതിജാഗ്രതയിലാണ്. മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപ്രദേശത്തുമുള്ള അതിര്‍ത്തികള്‍ അടച്ച്‌ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അനാവശ്യയാത്രകള്‍ കര്‍ശനമായി തടയുമെന്ന് ന്യൂമാഹി പോലീസ് അറിയിച്ചു.

ന്യൂമാഹി ടൗണിലെ ഇറച്ചി, മത്സ്യ മാര്‍ക്കറ്റ് ഇനിയൊരറിയിപ്പ് വരെ പ്രവര്‍ത്തിക്കില്ല.

മാര്‍ച്ച്‌ 15 മുതല്‍ 23 വരെ ന്യൂമാഹി എം.എം. ഹൈസ്കൂള്‍ പള്ളിയില്‍ നിസ്കാരച്ചടങ്ങില്‍ പങ്കെടുത്തവരും പള്ളിയില്‍ സന്ദര്‍ശനം നടത്തിയവരും ന്യൂമാഹി ആരോഗ്യ വകുപ്പ് അധികതരുമായി ഉടനെ ബന്ധപ്പെടണം. ഫോണ്‍: 9447642044, 9496479450.