മലപ്പുറത്ത് നിന്ന് 108 ആംബുലന്‍സ് ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ ശ്രമം; തടഞ്ഞ് തൊഴിലാളികള്‍

0 2,757

മലപ്പുറത്ത് നിന്ന് 108 ആംബുലന്‍സ് ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ ശ്രമം; തടഞ്ഞ് തൊഴിലാളികള്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ 108 ആംബുലസുകളിലൊന്ന് ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്ന കമ്ബനി ശ്രമിച്ചത് തൊഴിലാളികള്‍ തടഞ്ഞു. ഹോട്ട്‌സ്‌പോട്ട് ആയ ജില്ലയില്‍ നിന്നും ആംബുലന്‍സ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. കേരളത്തില്‍ നിന്ന് 15 ആംബുലന്‍സുകള്‍ ഇത്തരത്തില്‍ രാജ്യ തലസ്ഥാനത്തേക്ക് കൊണ്ടുപോവാനാണ് കമ്ബനിയുടെ നീക്കമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

രണ്ട് അധിക സര്‍വ്വീസുകളടക്കം 34 ആംബുലന്‍സുകളാണ് മലപ്പുറത്തുള്ളത്. ഇതില്‍ രണ്ടെണ്ണം കൃത്യ സമയത്ത് സര്‍വ്വീസ് നടത്താതായതോടെ ബ്രേക്ക് ഡൗണായി. ബാക്കിയുള്ള 32 ആംബുലന്‍സുകളില്‍ ഒന്നാണ് ഡല്‍ഹിക്ക് കൊണ്ടു പോകാനായി കമ്ബനിയുടെ അധികൃതരെത്തിയത്. 10000 കിലോ മീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്തേണ്ടതുണ്ടെന്നാണ് കമ്ബനിയും ആരോഗ്യ വകുപ്പുമായുമുണ്ടാക്കിയ കരാറില്‍ പറയുന്നത്.

എന്നാല്‍ ജില്ലയിലെ ഓരോ വണ്ടികളും 30000 ല്‍ അധികം കിലോമീറ്റര്‍ ഓടിയിട്ടും ഇതുവരെ കമ്ബനി സര്‍വ്വീസ് നടത്താന്‍ തയ്യാറായില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സംസ്ഥാനത്ത് നിന്ന് 15 ആംബുലന്‍സ് കൊണ്ടുപോകുമെന്ന് കമ്ബനി പ്രതിനിധി പറഞ്ഞെങ്കിലും ആരോഗ്യ വകുപ്പ് ഇക്കാര്യം അറിഞ്ഞില്ലെന്ന മറുപടിയാണ് നല്‍കുന്നത്. എന്നാല്‍ 108 ആംബുലന്‍സിന്റെ ചുമതലയുള്ള കെഎംസിഎല്‍ ഒരു ആംബുലന്‍സും കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന നിലപാടിലാണ്.