കോവിഡ് ഭീതിമൂലം നാട് അണയാൻ കാത്തിരുന്നവർക്ക്‌ ആശ്വാസമായി ഒമാനിൽ നിന്ന് മലയാളി പ്രവാസി സംഘടനകളുടെ ചാർേട്ടഡ് വിമാന സർവീസുകൾ ശനിയാഴ്ച്ച മുതൽ തുടങ്ങും

0 357

കോവിഡ് ഭീതിമൂലം നാട് അണയാൻ കാത്തിരുന്നവർക്ക്‌ ആശ്വാസമായി ഒമാനിൽ നിന്ന് മലയാളി പ്രവാസി സംഘടനകളുടെ ചാർേട്ടഡ് വിമാന സർവീസുകൾ ശനിയാഴ്ച്ച മുതൽ തുടങ്ങും

കെ.എം.സി.സിയുടെയും ഐ.സി.എഫിൻെറയും ചാർേട്ടഡ് വിമാനങ്ങളാണ് ആദ്യം പുറപ്പെടുക. രണ്ട് വിമാനങ്ങളിലുമായി 360 പേരാണ് നാടണയുക.
മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റിയുടെ വിമാനം രാവിലെ എട്ടുമണിക്ക് കോഴിക്കോടിന് പുറപ്പെടും. സലാം എയറിൻെറ ഒ.വി 1481ാം നമ്പർ വിമാനത്തിൽ 180 പേരാണ് നാട്ടിലെത്തുക. ഉച്ചക്ക് ഒരുമണിക്ക് വിമാനം കോഴിക്കോട് എത്തുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വന്ദേ ഭാരത് മിഷൻെറ തുല്ല്യമായ ടിക്കറ്റ് നിരക്കാണ് ഉള്ളതെന്ന് മസ്കത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിൻെറ മകനും മസ്കത്ത് കെ.എം.സി.സി പ്രസിഡൻറുമായ റയീസ് അഹ്മദിൻെറയും സെക്രട്ടറി റഹീം വറ്റല്ലൂരിൻെറയും നേതൃത്വത്തിൽ നടന്ന ഇടപെടലിലൂടെയാണ് ചാർട്ടേർഡ് വിമാനം യാഥാർഥ്യമായത്. മുപ്പതു കിലോ ലഗേജിന് പുറമെ ഏഴു കിലോ ഹാൻഡ് ബാഗേജും യാത്രക്കാർക്ക് കൊണ്ടുപോകാം.
61രോഗികൾ, 17 കുട്ടികൾ, 24 ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞ 24 പേർ, ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തേണ്ടവർ, തൊഴിൽ നഷ്ടമായവർ, ടിക്കറ്റ് ചാർജ് വഹിക്കാൻ കഴിയാത്തവർ എന്നിവർ അടങ്ങിയതാണ് യാത്രക്കാർ. ടിക്കറ്റ് തുക സമർപ്പിച്ചവരും യാത്രാ അനുമതി ലഭിച്ചവരും പുലർച്ചെ നാലുമണിക്ക് തന്നെ ബന്ധപ്പെട്ട രേഖകളോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തണമെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷററും കോവിഡ് കർമസമിതി ചീഫ് കോർഡിനേറ്ററുമായ ആയ കെ. യൂസുഫ് സലീം അറിയിച്ചു.
ഐ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനവും കോഴിക്കോടിനാണ് പുറപ്പെടുക. രാവിലെ 10.30നാണ് വിമാനം പുറപ്പെടുകയെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. 11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 പേർ, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, ജോലി നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 180 യാത്രക്കാരാണ് ഉണ്ടാവുക.
യാത്രക്കാരില്‍ 15 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് മുന്‍ഗണനാ ക്രമത്തിലാണ് അവസരം നല്‍കിയിരിക്കുന്നത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെയും കേരള മുസ്‍ലിം ജമാഅത്തിൻെറയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് നടപടികള്‍ വേഗത്തിലായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സർവീസ്. വരും ദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മസ്കത്തിലെ പ്രമുഖ കമ്പനിയായ സഊദ് ബഹ്വാനിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരുമായുള്ള ചാർേട്ടഡ് വിമാനം വെള്ളിയാഴ്ച കൊച്ചിയിലെത്തിയിരുന്നു.