ന്യൂഡല്‍ഹി/തിരുവനന്തപുരം: ഉത്തരേന്ത്യയിലേക്ക് പഠനയാത്രയ്ക്കെത്തിയ മലയാളി വിദ്യാര്‍ഥിസംഘം ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങി. തൃശ്ശൂര്‍ മണ്ണുത്തി െഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ 39 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് പ്രതിസന്ധിയിലായത്.
അവസാനവര്‍ഷ ബി.ടെക്. ഡയറി ടെക്‌നോളജി വിദ്യാര്‍ഥികളായ 11 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. 25 ദിവസത്തെ സന്ദര്‍ശനത്തിന് ഈ മാസം 18-നാണ് സംഘം വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയത്. കരോള്‍ബാഗിലെ ഹോട്ടലിലായിരുന്നു താമസം. മൂന്നുദിവസം ഡല്‍ഹിയില്‍ ചെലവഴിച്ചശേഷം വെള്ളിയാഴ്ച ഹരിയാണയിലെ കര്‍ണാലിലുള്ള നാഷണല്‍ െഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകാനിരിക്കെയാണ് പ്രശ്നം ഉടലെടുത്തത്. വെള്ളിയാഴ്ച മുറിയൊഴിയവേ ടൂര്‍ ഓപ്പറേറ്റര്‍ പണം അടച്ചിട്ടില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ടൂര്‍ ഏജന്‍സിയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പണം നല്‍കാതെ വിട്ടയയ്ക്കില്ലെന്ന് ഹോട്ടലുകാര്‍ വ്യക്തമാക്കി. ഒടുവില്‍ വിദ്യാര്‍ഥികള്‍ സ്വന്തം കൈയില്‍നിന്ന് 86,000 രൂപ അടച്ചു.
തിരുവനന്തപുരം പുളിമൂട് ആസ്ഥാനമായ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ഏജന്‍സി വഴിയാണ് ടൂര്‍ ഏര്‍പ്പാട് ചെയ്തത്. 10 ലക്ഷം രൂപയുടേതാണ് ടൂര്‍ പാക്കേജ്. 7.14 ലക്ഷത്തോളം രൂപ ഓപ്പറേറ്റര്‍ക്ക് മുന്‍കൂര്‍ നല്‍കി. ട്രാവല്‍ ഏജന്‍സിയുടെ ഒരു ഗൈഡ് ഇവര്‍ക്കൊപ്പമുണ്ടെങ്കിലും ഇയാള്‍ക്ക് ഓപ്പറേറ്ററെക്കുറിച്ച് കാര്യമായി വിവരമില്ല.
കോളേജ് അധികൃതര്‍ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേരളാഹൗസ് അധികൃതര്‍ ഇടപെട്ട് ഇവരെ കേരളാ ഹൗസില്‍ താമസിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് സംഘം കര്‍ണാലിലേക്ക് പുറപ്പെട്ടു.
സ്ഥാപനം അടച്ചു; ഉടമ ഒളിവില്‍
പണം തട്ടിയ ടൂര്‍ ഓപ്പറേറ്റര്‍ ഒളിവില്‍ പോയതായി സൂചന. ആദിത്യ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാപനം പൂട്ടിയ നിലയിലാണ്. ഇവിടത്തെ ഫോണുകളും പ്രവര്‍ത്തിക്കുന്നില്ല. നെയ്യാറ്റിന്‍കര പെരുമ്ബഴുത്തൂര്‍ വടകോട് സ്വദേശി അരുണ്‍ എസ്. നായരാണ് സ്ഥാപനത്തിന്റെ ഉടമയെന്ന് പോലീസ് പറഞ്ഞു. നാലുവര്‍ഷത്തോളമായി സ്ഥാപനം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാള്‍ ടൂര്‍ പാക്കേജിനായി കൂടുതല്‍ പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.