ഇരിട്ടി: പഴശ്ശി അണക്കെട്ടിന്റെ നിരോധിത മേഖലയിൽ നാനൂറോളം ചാക്ക് മണൽ പിടികൂടി. പഴശ്ശി ജസേചന വിഭാഗമാണ് കടത്തി കൊണ്ടുപോകാനായി ചാക്കിൽ നിറച്ച നിലയിൽ മണൽ പിടികൂടിയത് . എന്നാൽ തുടർ നടപടികൾക്കായി പൊലിസോ, റവന്യു അധികൃതരോ എത്താത്തതിനെ തുടർന്ന് ജലസേചന ഉദ്യോഗസ്ഥർക്ക് മണിക്കൂറുകളോളം മണലിന് കാവൽ നിൽക്കേണ്ടി വന്നു. അണക്കെട്ടിന് 200 മീറ്റർ താഴെ പൂക്കുണ്ട് ഭാഗത്ത് വളപട്ടണം പൂഴതീരത്ത് നിന്നാണ് മണൽ ശേഖരം അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.സുരേഷ്, അസി.എൻജിനിയർ ഇ.എൻ. സുരേഷ്, ജിവനക്കാരായ കെ.ജി. സുരേഷ്, വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഉദ്യോഗസ്ഥ സംഘത്തെ കണ്ടയുടൻ മണൽ വാരുന്നവർ ഓടിരക്ഷപ്പെട്ടു. വിവിധ സ്ഥലങ്ങളിലായി ചാക്കിൽ നിറച്ച നിലയിലായിരുന്നു മണൽ. തുടർനടപടി സ്വീകരിക്കേണ്ടത് പൊലിസോ, റവന്യു വകുപ്പോ ആണ്. മണൽകടത്ത് പിടികൂടിയ ഉടൻ 11.15 ന് മട്ടന്നൂർ പൊലിസിലും താലൂക്ക് ഓഫിസിലും കലക്ടറേറ്റിലും വിവരം നൽകിയെങ്കിലും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.
അണക്കെട്ടിന് 500 മീറ്റർ പരിസരം മണൽ വാരൽ നിരോധിത മേഖലയും ഒരു വിധ കടന്നു കയറ്റവും പാടില്ലാത്ത പ്രദേശവുമാണ്. ഈ പരിധിക്കുള്ളിൽ കടന്നാണ് മണൽ വാരിയത്. കൂടാതെ പുഴകളിൽ നിന്നും മറ്റും മണൽ വാരുന്നതിന് നിരോധനവും നിലവിലുണ്ട്. അണക്കെട്ട് പരിസരം കേന്ദ്രീകരിച്ച് മണൽ വാരൽ വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് ജലസേചന വിഭാഗം പരിശോധന നടത്തിയത്.