മുൻപ്രധാനമന്ത്രി മൻമോഹൻസിങ് ഇന്ത്യയെ സാമ്പത്തികമായി പിറകോട്ടു നടത്തിയെന്നും രാജ്യത്ത് പണപ്പെരുപ്പം വർധിപ്പിച്ചെന്നും ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ് രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് നിർമലാ വിമർശനം നടത്തിയത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിറകോട്ട് വലിക്കാൻ യുപിഎ ശ്രമിച്ചെന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് കാലത്തുള്ള മൻമോഹന്റെ പ്രതികരണം രാജ്യത്തെ പിന്നാക്കമാക്കുന്നതാണെന്നും ധനകാര്യമന്ത്രി ആരോപിച്ചു.
മോദിയുടെയും സിങിന്റെയും കാലത്തെ പണപ്പെരുപ്പവും വിദേശനിക്ഷേപവും താരതമ്യം ചെയ്ത മന്ത്രി മൻമോഹന്റെ കാലത്ത് 22 മാസം പണപ്പെരുപ്പം രണ്ട് അക്കത്തിലായിരുന്നുവെന്നും മൂലധനം വിദേശത്തേക്ക് പോയെന്നും കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ പേരിൽ മോദി സർക്കാറിനെ ആക്രമിക്കുന്നവർ ആശയക്കുഴപ്പം പരത്തുകയാണെന്നും അവർ ആരോപിച്ചു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുന്നുണ്ടെന്നും അതുകൊണ്ടാണ് യുപിഎ കാലത്തേക്കാൾ പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.