കൊച്ചി: രാത്രി വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയ ആൾ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇരുമ്പനം സ്വദേശിനി മനോഹരനാണ് ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചത്.
പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത് വന്നിരുന്നു. ഇരുമ്പനം സ്വദേശി മനോഹരനെ പൊലീസ് മർദിക്കുന്നത് കണ്ടെന്നാണ് ഇവർ പറയുന്നത്. ബൈക്കിൽനിന്ന് ഇറങ്ങി ഹെൽമെറ്റ് മാറ്റിയ മനോഹരന്റെ മുഖത്ത് പൊലീസ് അടിച്ചതായി സംഭവത്തിന് സാക്ഷിയായ രത്‌നമ്മയാണ് വെളിപ്പെടുത്തിയത്.
രാത്രി ഒൻപതരയോടെ നടന്ന സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയാണ് രത്‌നമ്മ. മനോഹരനെ മർദിക്കുന്നത് കണ്ടതോടെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. പേടികൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്ന് മനോഹരൻ വിറച്ചുകൊണ്ട് പറഞ്ഞിട്ടും യാതൊരു ദയയും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നാണ് ആരോപണമുണ്ട്. സംഭവത്തിൽ ഹിൽ പാലസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. മനോഹരനെ പൊലീസ് മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്.
കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്നാരോപിച്ചണ് പൊലീസ് ഇന്നലെ രാത്രി മനോഹരനെ പിടികൂടുന്നത്. സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞ് വീണെന്നാണ് പൊലീസ് പറയുന്നത്. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെതിരെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബാഞ്ചിന് കൈമാറി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ തൃക്കാക്കര എസിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. മനോഹരനെ പിടികൂടിയ സിഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആരോപിച്ച് ജനകീയ സമിതി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അതിനിടെ, മനോഹരന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടി കൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.