തിരുപ്പൂര്‍: അവിനാശിയിലെ ദുരന്തമുഖത്ത് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും എത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുമാണ് ആദ്യശ്രമം. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
അപകടത്തില്‍ 19 പേരാണ് മരിച്ചത്. ഇതില്‍ 18 മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമാണ്. 19 മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍: പെരുന്പാവൂര്‍ സ്വദേശി ഗിരീഷ് (43), ആരക്കുന്നം സ്വദേശി ബിനു ബൈജു (17), തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ഇഗ്നി റാഫേല്‍ (39), ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയായ കിരണ്‍ കുമാര്‍ (33), തൃശൂര്‍ സ്വദേശി ഹനീഷ് (25), ഒറ്റപ്പാലം സ്വദേശി ശിവകുമാര്‍ (35), പാലക്കാട് സ്വദേശി രാഗേഷ് (35), അങ്കമാലി സ്വദേശി ജിസ്മോന് ഷാജു (24), പയ്യന്നൂര്‍ സ്വദേശി സനൂപ്, തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദലി (24), എറണാകുളം സ്വദേശിനി ഐശ്വര്യ (24), പാലക്കാട് സ്വദേശിനി റോഷാന, എറണാകുളം സ്വദേശി വി. ശിവശങ്കര്‍ (30), തൃശൂര്‍ സ്വദേശിനികളായ കെ.വി. അനു (25), ജോഫി പോള്‍ (30), എറണാകുളം സ്വദേശിനി ഗോപിക (25), തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി യേശുദാസ്, എറണാകുളം സ്വദേശികളായ എം. സി. മാത്യു (30), കെ. തങ്കച്ചന് (40), ബസ് കണ്ടക്ടര്‍ പിറവം സ്വദേശി ബൈജു (42), മാനസി മണികണ്ഠന് (25).
തിരുപ്പൂര്‍, അവിനാശി സര്‍ക്കാര്‍ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ശേഷിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 20 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. തിരുപ്പൂരിലേക്ക് 20 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ അയച്ചുവെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ചീഫ് സെക്രട്ടറിക്കാണ് തുടര്‍ നടപടികളുടെ ഏകോപന ചുമതല. മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡിക്കാണ് അന്വേഷണ ചുമതല. വിവരങ്ങള്‍ അറിയാന്‍ ഹെല്പ് ലൈന്‍ നമ്ബരുകളുമുണ്ട്. 9495099910 എന്ന നമ്ബറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നന്പറാണിത്. തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്പ് ലൈന്‍ നമ്ബര്‍- 7708331194.