കാപ്പിക്കുരു തൊണ്ടെന്ന വ്യാജേന കടത്തുകയായിരുനിന്ന മരത്തടികൾ മാക്കൂട്ടം വനം വകുപ്പധികൃതർ പിടികൂടി

0 93

 

ഇരിട്ടി: കാപ്പിക്കുരു തൊണ്ടെന്ന വ്യാജേന കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മരത്തടികൾ മാക്കൂട്ടം വനം വകുപ്പധികൃതർ പിടികൂടി. കേരളാ രജിസ്‌ട്രേഷനുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 22 കഷണം ആഞ്ഞിലി, പ്ലാവ് മരത്തടികളാണ് മാക്കൂട്ടം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് അധികൃതർ പിടികൂടിയത്. ഡ്രൈവറും ക്ളീനറും ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. വാഹന പരിശോധനക്കിടെ മാക്കൂട്ടം റെയിഞ്ചർ പി.എൻ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം വീരാജ്പേട്ടയിൽ നിന്നും മാക്കൂട്ടം ചുരം വഴി വരികയായിരുന്ന ലോറി പരിശോധനക്കായി നിർത്തുകയും മുകളിൽ കെട്ടിയ ടാർ പോളിൻ മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ ഡ്രൈവറും ക്ളീനറും ലോറിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. മരം ഉരുപ്പടികൾക്ക് നാല് ലക്ഷം രൂപയോളം വിലവരും എന്നാണു കണക്കാക്കുന്നത്. വീരാജ്പേട്ട ഡി എഫ് ഒ ആണ് കേസ് അന്വേഷിക്കുന്നത്.