മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക്

0 1,632

 

ഇരിട്ടി : ലോക്ക്‌ ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ചെങ്കല്‍ത്തൊഴിലാളികള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക് പലായനം തുടങ്ങി. അതിര്‍ത്തി പ്രദേശത്തുള്‍പ്പെടെ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണം കര്‍ശനമാക്കിയിട്ടും മറുനാടന്‍ തൊഴിലാളികള്‍ കേരളത്തില്‍നിന്ന്‌ സ്വന്തം നാട്ടിലേക്ക് നടന്നുകയറുകയാണ്.

ജില്ലയിലെ ചെങ്കല്‍മേഖലയില്‍ ജോലിചെയ്യുന്ന മറുനാടന്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും കര്‍ണാടകയിലെ ഷിമോഗ ജില്ലക്കാരാണ്. പട്ടിണി ആയതോടെയാണ് ഇവര്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് പറയുന്നത്. കൂട്ടുപുഴ അതിര്‍ത്തിയില്‍ നിരീക്ഷകരുടെ കണ്ണുവെട്ടിച്ച്‌ ഊടുവഴികളിലൂടെ കര്‍ണാടകപാതയിലെത്തുന്ന ഇവര്‍ നടന്ന് വിരാജ്‌പേട്ടയിലെത്തിയാല്‍ എന്തെങ്കിലും വാഹനസൗകര്യം നാട്ടിലേക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. അതേസമയം മറുനാടന്‍ തൊഴിലാളികള്‍ക്ക് അവശ്യമായ എല്ലാ സൗകര്യങ്ങളും കേരളത്തില്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നുണ്ട്.

കര്‍ണാടകയില്‍നിന്ന് കേരള അതിര്‍ത്തിയിലും കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്കും പോകാന്‍ ശ്രമിക്കുന്നവരെ താമസിപ്പിക്കാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സര്‍ക്കാര്‍ രണ്ട് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. കൂടാതെ റോഡരികില്‍ സുരക്ഷയൊരുക്കി പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നില്‍ക്കുമ്ബോളാണ് ഇവരുടെ കണ്ണുവെട്ടിച്ചുള്ള യാത്ര.