മാസ്കും, ഷീല്‍ഡും, ഗ്ലൌസും പിന്നെ വാട്ടര്‍ ഗണ്ണും’; വൈറലായി ഈ വൈദികന്‍

0 1,341

കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങളിലൊന്നായ സാമൂഹ്യ അകലം പാലിക്കാന്‍ വൈദികന്‍ കണ്ടെത്തിയ മാര്‍ഗം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് പള്ളിയിലെത്തിയ വിശ്വാസികളെ ഹനാന്‍ വെള്ളം തളിക്കുന്ന കാത്തലിക് പുരോഹിതനാണ് വാര്‍ത്തകളിലെ താരം. കൊവിഡ് 19 മഹാമാരി വലിയ രീതിയില്‍ വ്യാപിച്ച അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം.

ഡെട്രോയിറ്റിലെ സെന്‍റെ ആബ്രോസ് റോമന്‍ കത്തോലിക് പള്ളിയിലാണ് വേറിട്ട മാതൃകയുമായി പുരോഹിതന്‍ എത്തിയത്. പള്ളി വികാരിയായ തിമോത്തി പെല്‍ക് ആണ് വാഹനങ്ങളിലെത്തിയ വിശ്വാസികള്‍ക്ക് അകലം പാലിച്ചുകൊണ്ട് വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ആശീര്‍വാദം നല്‍കിയത്. മാസ്കും ഫേസ് ഷീല്‍ഡും കയ്യില്‍ റബ്ബര്‍ ഗ്ലൌസുമണിഞ്ഞാണ് പുരോഹിതനെത്തിയത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് തന്നെ വിശ്വാസികള്‍ക്കായി സേവനം ചെയ്യുന്ന വൈദികന്‍റെ ചിത്രം പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് അപ്ലോഡ് ചെയ്തത്.

ഡെട്രോയിറ്റിലെ ഗ്രോസേ പോയിന്‍റിലാണ് സെന്‍റ് ആബ്രോസ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈസ്റ്റര്‍ അനുബന്ധ ചടങ്ങുകള്‍ക്കിടെയിലാണ് ചിത്രം എടുത്തത്. എന്നാല്‍ വലിയ രീതിയില്‍ ചിത്രം ചര്‍ച്ചയായത് ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ചെയ്ത മീം വൈറലായതോടെയാണ്. ചിത്രങ്ങള്‍ വൈറലായതോടെ ഉന്നതാധികാരികള്‍ ഇതിനേക്കുറിച്ച് എങ്ങനെ പ്രിതകരിക്കുമെന്ന ആശങ്കയുണ്ടെന്ന് പള്ളി വികാരി തിമോത്തി പെല്‍ക് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. മഹാമാരിക്കിടയിലും വൈറസ് വ്യാപനത്തിന് അവസരമുണ്ടാവാതെ ആചാരങ്ങള്‍ തുടരാന്‍ വേണ്ടിയായിരുന്നു ഇഇത്തരമൊരു ശ്രമം നടത്തിയതെന്നും വൈദികന്‍ പറയുന്നു.

പള്ളിയിലെ നിരവധി അംഗങ്ങള്‍ മഹാമാരിക്ക് ഇടയായി മരിച്ചിട്ടുണ്ട്. ഇവരുടെ ഓര്‍മ്മയ്ക്കായി നീല റിബ്ബണുകള്‍ വിശ്വാസികള്‍ പള്ളിയുടെ സമീപത്തെ മരങ്ങളില്‍ കെട്ടിയിട്ടുണ്ട്. മിഷിഗണില്‍ മാത്രം മഹാമാരി മൂലം മരിച്ച ആളുകളുടെ എണ്ണം 5000 പിന്നിട്ടു. വീടുകളില്‍ തുടരാനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ആയുധമേന്തി പ്രതിഷേധം നടന്ന സ്ഥലം കൂടിയാണ് മിഷിഗണ്‍. എന്നാല്‍ പള്ളിയിലെ വിശ്വാസികള്‍ ഇതിലൊന്നും പെട്ടിട്ടില്ലെന്നാണ് തിമോത്തി പെല്‍ക് പ്രതികരിക്കുന്നത്.