കണ്ണൂർ കുറുമാത്തൂരിൽ വൻ ചന്ദന വേട്ട; 390 കിലോ ചന്ദനം പിടിച്ചെടുത്തു

0 1,190

കണ്ണൂർ കുറുമാത്തൂരിൽ വൻ ചന്ദന വേട്ട. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 390 കിലോ ചന്ദനം പിടിച്ചെടുത്തു. ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. രണ്ടു പേർ ഓടി രക്ഷപ്പെട്ടു ( Massive sandalwood hunt Kannur ).

കണ്ണൂർ, കുറുമാത്തൂർ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ താൽക്കാലിക ഷെഡിൽ സംഭരിച്ച 390 കിലോയോളം ചന്ദനമാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചന്ദനത്തടികൾ ചെത്തി വിൽപ്പനക്ക് ഒരുക്കുകയായിരുന്ന മൂവർ സംഘത്തിലെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കുറുമാത്തൂർ സ്വദേശി എം.മധുസൂദനനെ വനം വകുപ്പ് സംഘം പിടികൂടി. ചെത്തി ഒരുക്കി വിൽപ്പനക്ക് തയ്യാറാക്കിയ 6 കിലോ ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളുമുൾപ്പെടെ 390 കിലോയിലധികം ചന്ദനമാണ് പിടികൂടിയത്. ശ്രീകണ്ഠാപുരം സ്വദേശികളായ നിസാർ, ദിലീപൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ വ്യക്തമാക്കി.

കൊയ്യം പാറക്കാടി സ്വദേശി വീരപ്പൻ ഹൈദ്രോസ് എന്നയാൾക്കാണ് ഇവർ ചന്ദന മുട്ടികൾ വിൽപ്പന നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. ചന്ദനം മുറിക്കാനുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രതീശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനം പിടികൂടിയത്.

Get real time updates directly on you device, subscribe now.