മട്ടന്നൂരില്‍ കൊറോണ പ്രതിരോധം ഊര്‍ജിതം

0 191

 

മട്ടന്നൂര്‍ : നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ മട്ടന്നൂരില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വീടുകള്‍ കയറി ബോധവത്ക്കരണം നടത്തും. കൗണ്‍സിലര്‍മാരുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തിലാണ് വീടുകളില്‍ ലഘുലേഖ വിതരണവും ബോധവത്ക്കരണവും നടത്തുക. വിമാനത്താവള നഗരമെന്ന നിലയില്‍ മട്ടന്നൂരിലും പരിസരങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രത വേണമെന്നാണ് തീരുമാനിച്ചത്. പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നു.

മട്ടന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും നഗരസഭാ ഓഫീസിലും കൊറോണ ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിയവരോട് ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടാനും മറ്റുള്ളവരുമായി സമ്ബര്‍ക്കമില്ലാതെ വീടുകളില്‍ കഴിയാനും നിര്‍ദേശിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും മാറ്റിവെക്കാനോ ലളിതമായരീതിയില്‍ നടത്താനോ കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. രോഗലക്ഷണമുള്ളവര്‍ നേരിട്ട് ആസ്പത്രികളിലേക്ക് പോകാതെ ദിശ നമ്ബര്‍ 1056-ല്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

നഗരത്തിലെ മിക്ക പൊതുസ്ഥാപനങ്ങളിലും സാനിറ്റൈസറുകളും കൈകള്‍ ശുദ്ധിയാക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്കുകള്‍ നഗരത്തില്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് പരാതിയുണ്ട്. ആരൊക്കെയാണ് മാസ്കുകള്‍ ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച്‌ കൃത്യമായ ധാരണയില്ലാത്തതും ഇതിന് കാരണമായിട്ടുണ്ട്.

ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ കൈകഴുകല്‍ കേന്ദ്രം നഗരസഭാധ്യക്ഷ അനിതാ വേണു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാഗേഷ് പാലേരിവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു, കീഴല്ലൂര്‍ പഞ്ചായത്തിലും അവലോകനയോഗം ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Get real time updates directly on you device, subscribe now.