മത്തായിയുടെ മരണം:കുടുംബത്തിന്റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നതോടെ ഓർത്തഡോക്‌സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു സർക്കാർ

0 1,090

മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതി; അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; ആരോപണ വിധേയരായ മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് കുടുംബം; കുടുംബത്തിന്റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നതോടെ ഓർത്തഡോക്‌സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു സർക്കാർ
പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കവേ മരിച്ച മത്തായിയുടെ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റാന്നി കോടതിയിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെയുള്ള കുടുംബത്തിന്റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണ വിധേയരായ മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഈ നിലപാട് തുടരുന്നത് സർക്കാറിനെയും ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസിന് നിയമോപദേശം കിട്ടിയതും കേസിൽ ഹൈക്കോടതി ഇടപെട്ടതും കുടുംബത്തിന്റെ പ്രതീക്ഷ കൂട്ടുന്നു. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി. സംസ്‌കാരം നടത്തുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.