മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം നാടിനു സമര്‍പ്പിച്ചു

0 165


തീരദേശ മേഖലയുടെ വലിയ സ്വപ്നമായിരുന്ന മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം ടി വി രാജേഷ് എംഎല്‍എ നാടിനു സമര്‍പ്പിച്ചു. മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പു നല്‍കി. ഉദ്ഘാടന ചടങ്ങിനിടെ നല്‍കിയ ഫോണ്‍ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 36 ലക്ഷം രൂപ കൂടി ആശുപത്രിക്ക് ലഭിക്കും.
കേരളത്തിലെ 170 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ എമര്‍ജന്‍സി ആന്റ് അക്യൂട്ട് കെയര്‍ യൂണിറ്റ് സൗകര്യമുള്ള ഏക കുടുംബാരോഗ്യ കേന്ദ്രമാണ് മാട്ടൂലിലേത്. ഹൃദയ സംബന്ധമായ രോഗങ്ങളുമായി വരുന്നവര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. കൂടാതെ ശീതീകരിച്ച പരിശോധനാ മുറികള്‍, നവീകരിച്ച ദന്തല്‍ ക്ലിനിക്, ലബോറട്ടറി, ഇരിപ്പിട സൗകര്യം, ശിശുസൗഹൃദ പ്രതിരോധ കുത്തിവെയ്പ് മുറി, നിരീക്ഷണ മുറികള്‍, കുട്ടികളുടെ പാര്‍ക്ക്, യോഗ ഹാള്‍, സ്ത്രീ സൗഹൃദ വിശ്രമമുറി, വാഹന പാര്‍ക്കിംഗ്, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ഒ പി കണ്‍സള്‍ട്ടേഷന്‍, ഇമ്യൂണൈസേഷന്‍, ഒബ്‌സര്‍വേഷന്‍ മുറികളും ഇവിടെയൊരുക്കിയിട്ടുണ്ട്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെല്‍ത്ത് സെന്റര്‍ (എഫ് എച്ച് സി) ആകുന്നതോടെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ഇതിനായി ആശുപത്രിയില്‍ നാല് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, ഒരു ഹെഡ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ദന്തല്‍ ക്ലിനിക്ക്, ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗ നിര്‍ണ്ണയ ക്ലിനിക്ക് എന്നിവയും ഇവിടെയുണ്ട്.
എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 16 ലക്ഷം രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 15 ലക്ഷം രൂപയും ഉള്‍പ്പടെ 41 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു വരുന്നത്. കൂടാതെ വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ വഴിയുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
എമര്‍ജന്‍സി ആന്റ് അക്യൂട്ട് കെയര്‍ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്ക് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഒ വി ഗീതയും നവീകരിച്ച ഡെന്റല്‍ കെയര്‍ മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദ് അലിയും ഉദ്ഘാടനം ചെയ്തു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡി പി എം ഡോ. കെ വി ലതീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ഒ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.