തിരുവനന്തപുരം: വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യ നിഷേധമാണ്. ഭയപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ചാണ് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെയാണ് പിന്‍വലിച്ചത്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ വിലക്കിനെതിരേ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി പിന്‍വലിച്ചത്