കോഴിക്കോട്: ഡല്‍ഹിയിലെ വംശീയാതിക്രമം സംബന്ധിച്ച റിപോര്‍ട്ട് നല്‍കിയതിനു കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മലയാളം ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനരാരംഭിച്ചു. എന്നാല്‍, മീഡിയാ വണ്ണിന്റെ സംപ്രേഷണം പുനരാരംഭിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും 48 മണിക്കൂര്‍ വിലക്കാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ഇരുചാനലുകളിലെയും വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളുമെല്ലാം സംപ്രേഷണം നിലച്ചിരുന്നു. സംഭവം വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. ഇതിനിടെയാണ്, ശനിയാഴ്ച രാവിലെ മുതല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണം പുനരാരംഭിച്ചത്. പതിവുപോലെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളുമെല്ലാം ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍ മീഡിയാ വണ്ണിന്റെ വിലക്ക് അധികൃതര്‍ നീക്കിയിട്ടില്ല.
ഡല്‍ഹി കലാപം സംബന്ധിച്ച റിപോര്‍ട്ടുകളില്‍ ഒരു മതത്തിനെതിരായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന വിധത്തില്‍ ചിത്രീകരിച്ചു, ആര്‍എസ്‌എസിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിക്കുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തു, ആഭ്യന്തര മന്ത്രാലയത്തിനെതിരേ വാര്‍ത്തകള്‍ നല്‍കി തുടങ്ങിയ വാര്‍ത്തകള്‍ ബ്രോഡ്കാസ്റ്റിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കാണിച്ച് ഇരുചാനലുകള്‍ക്കും മന്ത്രാലയം വിശദീകരണ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ചാനല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് വെള്ളിയാഴ്ച സംപ്രേഷണനിരോധനം നടപ്പാക്കിയത്. മാധ്യമവിലക്കിനെതിരേ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ തന്നെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ദേശീയപാത ഉപരോധവും റെയില്‍വേ സ്‌റ്റേഷന്‍, പോസ്‌റ്റോഫിസുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളും യുവജന പ്രസ്ഥാനങ്ങളും കേരള സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനവും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനരാരംഭിക്കുകയും മീഡിയാ വണ്ണിന്റെ വിലക്ക് തുടരുകയും ചെയ്യുന്നത്.