മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു; നടപടി ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്കൊടുവിൽ

0 640

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു; നടപടി ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്കൊടുവിൽ

 

തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ചതിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.

ഡിഎംഇ യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കെതിരായ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. നാളെ വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിൻമേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.

സസ്‌പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ രണ്ട് മണിക്കൂർ ഒപി ബഹിഷ്‌കരിക്കാുമെന്നും സമരക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത്യാഹിത വിഭാഗങ്ങൾ മുടക്കില്ലെന്നും അവർ പറഞ്ഞിരുന്നു.

മൂന്ന് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർമാർ റിലേ സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു.

കോവിഡ് രോഗിയെ പുഴുവരിച്ചതിൽ മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്‌സുമാരെയുമാണ് നേരത്തെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെടുന്നു. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ രോഗിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.