പെൺകുട്ടികളിലെ ആർത്തവവേദന; എൻഡോമെട്രിയോസിസ് ആണോ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

0 455

ആർത്തവം മാറ്റി നിർത്തലുകൾ ആവശ്യമില്ലാത്ത തികച്ചും സാധാരണമായ ശാരീരിക പ്രക്രിയയായി സമൂഹം കാണാൻ തുടങ്ങിയെങ്കിലും, മിക്ക പെൺകുട്ടികൾക്കും ആർത്തവ ദിനങ്ങൾ അത്ര സാധാരണ ദിനങ്ങളായി കടന്നു പോകാറില്ല. ലോകത്തെ നല്ലൊരു ശതമാനം സ്ത്രീകളും പെൺകുട്ടികളും ഈ ദിനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശാരീരിക- മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്. വയറു വേദന, തലവേദന, ഛർദ്ദി, കൈകാലുകളിൽ ഉണ്ടാകുന്ന വേദന, വയറ്റിളക്കം എന്നിവയാണ് ആർത്തവകാല അസ്വസ്ഥതകളിൽ പ്രധാനമായി കാണപ്പെടുന്നത്.

ആർത്തവത്തിന്റെ ആരംഭവും വേദനയും

പൊതുവെ ആദ്യകാലങ്ങളിൽ പെൺകുട്ടികൾക്ക് ആർത്തവം വേദന രഹിതമായിരിക്കും. ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴാണ് വേദന കൂടുതലായും അനുഭവപ്പെട്ടു തുടങ്ങുന്നത്. ആദ്യവർഷങ്ങളിൽ അണ്ഡവിസർജ്ജനം സന്തുലിതമല്ലാത്തതാണ് വേദന ഉണ്ടാകാത്തതിന്റെ പ്രധാന കാരണം. ഹോർമോണുകൾ കൂടുതൽ പ്രവർത്തന സജ്ജമാകുന്നതോടു കൂടി അണ്ഡവിസർജ്ജനം കൃത്യമായി സംഭവിക്കുന്നു. ഇതൊടു കൂടിയാണ് പല പെൺകുട്ടികൾക്കും വേദന കൂടുതലായി അനുഭവപെട്ടു തുടങ്ങുന്നത്. എല്ലാവരിലും ഇത് കാണാറും ഇല്ല. സാധാരണയായി 20 മുതൽ 30 വയസ്സ് വരെ ഉള്ളവരിൽ ആണ് വേദനയുടെ കാഠിന്യം കൂടുതലായി കണ്ടു വരുന്നത്. മിക്ക സ്ത്രീകളിലും പ്രസവാനന്തരം വേദനയ്‌ക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കാറുണ്ട്

ആർത്തവവും ഹോർമോൺ വ്യതിയാനവും

ഗർഭപത്രത്തിന്റെയോ മറ്റ് അവയവങ്ങളുടെയോ പ്രവർത്തനങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലാതെ വരുന്ന വേദനയാണ് കൗമാരക്കാരിൽ കൂടുതലായും ഉണ്ടാകുന്നത്. ആർത്തവദിനങ്ങളിൽ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഗർഭപാത്രത്തിൽ ചില ജൈവ രാസ പദാർത്ഥങ്ങൾ അധികമായി ഉണ്ടാകുന്നു. ഇവ ഗർഭപാത്രത്തിന്റെ പേശികളുടെ സങ്കോചവികാസങ്ങൾക്ക് ഇടയാക്കുകയും അത് വേദനയായി അനുഭവപ്പെടുകയും ചെയ്യുന്നു.

എല്ലാം ആർത്തവ വേദനകളും പ്രശ്‌ന രഹിതമാണെന്ന് പറയുവാൻ സാധിക്കില്ല. ഗർഭപാത്രത്തിന് അനുബന്ധ അവയവങ്ങൾക്ക് ഉണ്ടാകുന്ന വൈകല്യം അണുബാധ എന്നിവ കാരണവും വേദന അനുഭവപ്പെടാം. കൂടാതെ ഗർഭാശയത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും ഇതിന് കാരണമാകാറുണ്ട്. പൊതുവേ രോഗം മൂലം ഉണ്ടാകുന്ന വേദനകൾ ആർത്തവചക്രത്തിൽ മുഴുവനായി അനുഭവപ്പെടാറുണ്ട്

എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങൾ

തീവ്രമായ വയറുവേദന, നടുവേദന എന്നിവ ചിലപ്പോൾ എൻഡോമെട്രിയോസിസ് എന്ന രോഗം മൂലവും ആകാറുണ്ട്. ഗർഭാശയത്തിന്റെ ഉള്ളിലുള്ള ആവരണമാണ് എൻഡോമെട്രിയം . ഈ ആവരണം ആർത്തവ രക്തത്തോടൊപ്പം പുറത്ത് പോകുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയവ രൂപപ്പെടുകയും ചെയ്യും. ഈ കോശങ്ങൾ ഗർഭപാത്രത്തിൽ അല്ലാതെ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഈ അവസ്ഥയ്‌ക്കുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല .ആർത്തവ ദിനങ്ങൾക്ക് മുൻപുള്ള ദിവസങ്ങളിൽ തന്നെ ആരംഭിക്കുന്ന വയറുവേദന, നടുവേദന, എന്നിവ എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളാണ് .

എല്ലാമാസവും ആർത്തവ സമയത്ത് കഠിനമായ വേദന വരികയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. വിദഗ്ധ പരിശോധനയിലൂടെ വേദനയുടെ കാരണം തീർച്ചയായും കണ്ടെത്താൻ സാധിക്കുകയും ചെയ്യും.