സര്‍വര്‍ക്കും മാനസികാരോഗ്യം! കൂടുതല്‍ നിക്ഷേപം,കൂടുതല്‍ പ്രാപ്യത; ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

0 157

സര്‍വര്‍ക്കും മാനസികാരോഗ്യം! കൂടുതല്‍ നിക്ഷേപം,കൂടുതല്‍ പ്രാപ്യത; ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

ഒക്‌ടോബര്‍ 10 ലോകമാനസികാരോഗ്യദിനമായി ആചരിക്കുന്നു. ‘സര്‍വര്‍ക്കും മാനസികാരോഗ്യം ! കൂടുതല്‍ നിക്ഷേപം , കൂടുതല്‍ പ്രാപ്യത എന്നതാണ് ഈ  വര്‍ഷത്തെ വിഷയം. മാനസികരോഗങ്ങളെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക, മനോരോഗങ്ങള്‍ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ തേടാന്‍ പ്രോത്സാഹനം  നല്‍കുക, മാനസികാരോഗ്യം എല്ലാവര്‍ക്കും ലഭ്യമാകാന്‍ സഹായമാകുന്ന പരിപാടികള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. കൊവിഡ് കാലത്ത് സാമൂഹിക സമ്പര്‍ക്കങ്ങള്‍ക്ക്  നിയന്ത്രണങ്ങളുള്ളതിനാല്‍  സന്തുലിതമായ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണ്. ഒറ്റപ്പെടല്‍, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍ മനോരോഗ വിദഗ്ധരുടെ സഹായം തേടാന്‍ മടിക്കരുത്. ലഘുമനോരോഗങ്ങള്‍ മുതല്‍ ഗുരുതരമായ മനോരോഗങ്ങള്‍ വരെ ശരിയായ ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയും. മറ്റു ശാരീരിക രോഗങ്ങള്‍ പോലെ തന്നെയാണ്  മാനസികരോഗങ്ങളും. മാനസികരോഗമുള്ളവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനോ ചിത്രീകരിക്കാനോ പാടില്ല. രോഗത്തെ  അതിജീവിക്കാന്‍ അവര്‍ക്ക്  സാമൂഹിക പിന്തുണ നല്‍കുകയും യഥാസമയം ശരിയായ ചികിത്സ ലഭ്യമാക്കുകയുമാണ്  എല്ലാവര്‍ക്കും  മാനസികാരോഗ്യമെന്ന ലക്ഷ്യം കൈവരിക്കാനുള്ള മാര്‍ഗം. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും  മാനസികാരോഗ്യ പരിപാടിയുടെയും നേതൃത്വത്തില്‍  വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും