എംജി സര്‍വകലാശാല കൈക്കൂലി: സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

0 829

എം.ജി സര്‍വകലാശാല ആസ്ഥാനത്ത് എം.ബി.എ വിദ്യാര്‍ത്ഥിയില്‍ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കാനാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനം.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ സര്‍വകലാശാല പൂര്‍ണമായും തള്ളി. എല്‍സിയുടെ നിമയനവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി. കൈക്കൂലി വിഷയത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല രജിസ്ട്രാറിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന സമയത്ത് കൈക്കൂലി വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതില്‍ സര്‍വകലാശാലയിലെ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്. ജീവനക്കാരിക്കെതിരെ മുദ്രാവാക്യങ്ങളുമായി എ ബി വി പി പ്രവര്‍ത്തകര്‍ സര്‍വകലാശാലക്കുമുന്നില്‍ അണി നിരന്നിരുന്നു. ഇവരെ പീന്നീട് പൊലീസെത്തി നീക്കുകയായിരുന്നു. കൈക്കൂലി കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും കൈക്കൂലി വിവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാണ് ഇടതുസംഘടനകളുടെ ആരോപണം.