വര്‍ക്ക് ഫ്രം ഹോം സ്ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്റ്റും

0 288

വര്‍ക്ക് ഫ്രം ഹോം സ്ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്റ്റും

 

ജീവനക്കാർക്ക് സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ് കമ്പനി. കോവിഡ് വ്യാപനം മൂലം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയ മൈക്രോസോഫ്റ്റ് താത്പര്യമുള്ള ജീവനക്കാർക്ക് അതേ സൗകര്യത്തിൽ സ്ഥിരമായി തുടരാൻ അവസരം നൽകുമെന്ന് യുഎസ് ടെക്നോളജി മാധ്യമമായ ദ വെർജ്വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ജീവനക്കാർക്ക് സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള വ്യവസ്ഥകൾ ദീർഘിപ്പിക്കുന്ന കമ്പനികളിൽ മൈക്രോസോഫ്റ്റും ഉൾപ്പെടുംആരോഗ്യപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മൈക്രോസോഫ്റ്റ് അതിന്റെ യുഎസിലെ ഓഫീസുകൾ അടുത്ത കൊല്ലം ജനുവരി വരെ തുറന്ന് പ്രവർത്തിക്കാനുള്ള സാധ്യത ഇല്ലെന്ന് ദ വെർജിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഓഫീസുകൾ തുറന്നു പ്രവർത്തിക്കാനാരംഭിക്കുന്നതോടെ താത്പര്യമുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിൽ തുടരാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ ഭൂരിഭാഗം ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്താൽ കമ്പനിയ്ക്ക് ഓഫീസുകൾ ഒഴിവാക്കേണ്ടി വരും.

പുതിയ രീതിയിൽ ചിന്തിക്കാനും ജീവിക്കാനും ജോലി ചെയ്യാനും കോവിഡ് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും വാണിജ്യതാത്പര്യങ്ങൾക്കൊപ്പം ജീവനക്കാരുടെ താത്പര്യങ്ങൾക്കും കമ്പനി പ്രാധാന്യം നൽകുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ കാത്ലീൻ ഹോഗൻ ജീവനക്കാർക്കയച്ച കുറിപ്പിൽ സൂചിപ്പിച്ചതായി മാധ്യമറിപ്പോർട്ടിൽ പറയുന്നു. എന്നാൽ എഎഫ്പിയ്ക്ക് നൽകിയ വാർത്താക്കുറിപ്പിൽ വർക്ക് ഫ്രം ഹോം സ്ഥിരമാക്കുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.

സ്ഥിരമായി വർക്ക് ഫ്രം ഹോമിൽ തുടരുന്നതിന് മാനേജർമാരുടെ അംഗീകാരം ആവശ്യമുണ്ട്. അതേ സമയം ജോലിയുടെ 50 ശതമാനം ഓഫീസിന് പുറത്ത് നിന്ന് പൂർത്തിയാക്കാൻ മാനേജരുടെ അനുമതി ആവശ്യമില്ലെന്നാണ് സൂചന. ലാബുകളിലും മറ്റു ജീവനക്കാരുടെ പരിശീലനത്തിനും നിയമിക്കപ്പെട്ട ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യത്തിന് അർഹത ലഭിക്കില്ല. ജീവനക്കാരെ യുഎസിലുടനീളമോ രാജ്യത്തിന് പുറത്തോ നിയമിക്കാൻ സാധ്യയുണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബിൽഗേറ്റ്സ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.