ഏത് എടിഎമ്മില്‍ നിന്നും പണമെടുക്കാം, മിനിമം ബാലന്‍സ് വേണ്ട: ആശ്വാസ നടപടികളുമായി കേന്ദ്രം

0 557

 

ദില്ലി: കൊവിഡ് 19 രാജ്യത്തെ സാമ്ബത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് ആശ്വാസനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയീടാക്കരുതെന്ന് ബാങ്കുകളോട് ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഏത് എടിഎമ്മില്‍ നിന്നും ഇനി സര്‍വീസ് ചാര്‍ജില്ലാതെ പണമെടുക്കാമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, പ്രതിസന്ധികാലത്തെ നേരിടാനുള്ള സാമ്ബത്തിക പാക്കേജ് ഇപ്പോഴില്ലെങ്കിലും ഭാവിയില്‍ പ്രഖ്യാപിക്കുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് എടിഎം ഇളവുകള്‍ ലഭിക്കുക. ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്നിരിക്കേ, ബാങ്കുകളില്‍ ആളുകള്‍ തടിച്ച്‌ കൂടുന്നതും പണം എടുക്കാന്‍ തിരക്ക് കൂട്ടുന്നതും ഒഴിവാക്കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികളും കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. മാര്‍ച്ച്‌ 31-നകം ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടിയിരുന്നത് ജൂണ്‍ 30-ലേക്ക് നീട്ടി. ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സെറ്റില്‍മെന്റുകളും നോട്ടീസുകളും എല്ലാം ജൂണ്‍ 30-നകം തീര്‍പ്പാക്കിയാല്‍ മതി. ആദായനികുതി വൈകിയാലുള്ള പിഴ 18 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

ഒപ്പം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ജൂണ്‍ 30- ആക്കി നീട്ടിയിട്ടുണ്ട്. ഇതിന് മുമ്ബ് മാര്‍ച്ച്‌ 31-നകം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നാണ് അന്തിമനിര്‍ദേശം നല്‍കിയിരുന്നത്.

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. ജിഎസ്ടി റിട്ടേണ്‍ നല്‍കാന്‍ വൈകുന്ന ചെറു കമ്ബനികള്‍ക്ക്, അതായത് ടേണോവര്‍ അഞ്ച് കോടി രൂപയില്‍ താഴെയുള്ള കമ്ബനികള്‍ക്ക് ലേറ്റ് ഫീയോ, പിഴയോ, ഇതിന്റെ പലിശയോ ഈടാക്കില്ലെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ ടേണോവറുള്ള കമ്ബനികള്‍ക്ക് പിഴയും ലേറ്റ് ഫീയും ഉണ്ടാകില്ല. പക്ഷേ, ഇതിന്റെ പലിശ നല്‍കേണ്ടി വരും.

വിവാദ് സെ വിശ്വാസ് പ്രകാരം കേസുകള്‍ നികുതി അടച്ച്‌ ഒത്തുതീര്‍പ്പാക്കാനും ജൂണ്‍ 30 വരെ സമയം നല്‍കും. വ്യാപാര ഇടപാടുകള്‍ ഡിജിറ്റലായി നടത്തുന്നതിന് ഇളവുകളുണ്ടാകും.

അതേസമയം, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു അടിയന്തര സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ നിര്‍മലാ സീതാരാമന്‍ തയ്യാറായില്ല. നിലവില്‍ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും, വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. എന്നാല്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും, അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും നിര്‍മലാ സീതാരാമന്‍ പറയുന്നു.

Get real time updates directly on you device, subscribe now.