തിരക്കു പിടിച്ച പരിപാടികളുമായി ജില്ലയിലെത്തിയ സംസ്ഥാന റവന്യൂ മന്ത്രി അഡ്വ കെ രാജനെ വയനാടന്‍ ജനത ആവോളം സ്‌നേഹം നല്‍കിയാണ് വരവേറ്റത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ചതാണ് ജില്ലയിലെ മന്ത്രിയുടെ പരിപാടികള്‍. അന്തരിച്ച പി എ മുഹമ്മദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. മന്ത്രി എത്തുന്നതിന് മുമ്പു തന്നെ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി കെ വിനോദ്, സിപിഐ ലോക്കല്‍ സെക്രട്ടറി കെ രമേശന്‍ മറ്റ് ജന പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയെ കാണാനും നാടിന്റെ പ്രശനങ്ങള്‍ അവതരിപ്പിക്കാനും എത്തിയിരുന്നു.
തുടര്‍ന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ എത്തി നിവേദനവുമായി എത്തിയ കര്‍ഷക, യുവജന നേതാക്കളെയും നേരിട്ട് കണ്ടു. തന്റെ മുന്നില്‍ പരാതികളുമായി എത്തിയവരുടെ ആവലാതികള്‍ മുഴുവന്‍ കേട്ടപ്പോഴേക്കും സമയം വൈകിയിരുന്നു. നിശ്ചയിച്ചതില്‍ നിന്നും വൈകിയാണ് മന്ത്രി കെ രാജന്‍ കലകട്രേറ്റിലെ ഉദ്യോഗസ്ഥ തലയോഗത്തില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പോയത്.
മന്ത്രിയാകുന്നതിന് മുമ്പ് തന്നെ ആരംഭിച്ചതാണ് കെ രാജന്റെ വയനാടുമായുളള ആത്മബന്ധം. സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് നൂറ്റാണ്ടിന്റെ പ്രളയം ഉണ്ടായത്. അന്നും ജില്ലയെ മുന്നില്‍ നിന്ന് നയിക്കാന്‍ രാജനുണ്ടായിരുന്നു. മന്ത്രിയുടെ സൗകര്യങ്ങള്‍ വേണ്ടെന്ന് വെച്ച് കല്‍പറ്റയിലെ വിനോദേട്ടന്റെ കുഞ്ഞു മെസ് ഹൗസില്‍ കയറി ഭക്ഷണവും കഴിച്ച് മണിക്കൂറുകള്‍ നീണ്ടു നിന്ന യോഗങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ ജനകീയനായ റവന്യൂ മന്ത്രി ജനങ്ങളെ കേൾക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനും ഇനിയും വയനാട്ടിലേക്ക് വരും എന്ന ഉറപ്പോടെ നടന്നു നീങ്ങി. വയനാടന്‍ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാപ്പി സംഭരണം കൂടി ഉദ്ഘാടനം ചെയ്യുക എന്ന ചരിത്ര നിയോഗവും മന്ത്രി പൂര്‍ത്തിയാക്കി.