അധികം മിണ്ടിയാല്‍ തോക്കെടുത്ത് വെടിവയ്ക്കും, മലയാളികളോട് കര്‍ണാടക പൊലീസിന്റെ ഭീഷണി, ആശുപത്രിയില്‍ എത്താനാവാതെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍
അധികം മിണ്ടിയാല്‍ തോക്കെടുത്ത് വെടിവയ്ക്കും, മലയാളികളോട് കര്‍ണാടക പൊലീസിന്റെ ഭീഷണി, ആശുപത്രിയില്‍ എത്താനാവാതെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍
കാസര്‍കോട്: കര്‍ണാടക സര്‍ക്കാരിന്റെ പിടിവാശിമൂലം കേരളത്തിന് നഷ്ടമായത് ഒന്നോ രണ്ടോ ജീവനല്ല, 7 പേരാണ് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. ഇനി എത്ര ജീവന്‍ ബലി നല്‍കിയാലാണ് കര്‍ണാടക സര്‍ക്കാര്‍ കണ്ണുതുറക്കുക . കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ തലപ്പാടി ദേശീയപാത അടച്ചുപൂട്ടി കര്‍ണാടക നടത്തുന്ന ക്രൂരത കാരണം വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ച കാസര്‍കോട്ടുകാരുടെ എണ്ണം ദിവസം കഴിയുന്തോറും കൂടിവരികയാണ്. കാരണം കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ രോഗികള്‍ പ്രധാനമായും ചികിത്സയ്കായി ആശ്രയിക്കുന്നത് മംഗളൂരുവിലെ പത്തോളം സ്വകാര്യ ആശുപത്രികളെയാണ്. അവശനിലയില്‍ മംഗളൂരുവിലെ ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളെ അതിര്‍ത്തിയില്‍ തടഞ്ഞു തിരിച്ചയക്കുകയാണ് കര്‍ണാടക പൊലീസ്. കരഞ്ഞു പറഞ്ഞു കാലു പിടിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആണ് കര്‍ണാടക പൊലീസ് പെരുമാറുന്നത്.
അധികം മിണ്ടിയാല്‍ തോക്കെടുത്ത് വെടിവയ്ക്കും എന്നാണ് ഭീഷണി മുഴക്കുന്നത്. മഞ്ചേശ്വരം തുമ്മിനാട് സ്വദേശിനി ബേബി (56) മഞ്ചേശ്വരത്തെ ശേഖര്‍ (49) എന്നിവരാണ് ഇന്നലെ മരിച്ചത്. അതിര്‍ത്തിയില്‍ നിന്നും തിരിച്ചയച്ച ഇരുവരും മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശേഖര്‍. മംഗളൂരുവില്‍ പോയി ചികിത്സ തേടാന്‍ കഴിയാതെ തിങ്കളാഴ്ച രണ്ട് പേര്‍ മരിച്ചിരുന്നു. കുഞ്ചത്തൂരിലെ മാധവ (49) കുഞ്ചത്തൂരിലെ ആയിഷ (58) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വച്ച് മാധവ മരിക്കുകയായിരുന്നു. ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ ഇവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉദുമയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. മംഗളൂരു ബി.സി റോഡിലെ ഫാത്തിമ എന്ന പാത്തുഞ്ഞി (93), മഞ്ചേശ്വരത്തെ അബ്ദുല്‍ ഹമീദ്, ഉപ്പള ഗേറ്റിലെ അബ്ദുല്‍ സലാം (65) എന്നിവരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ കര്‍ണാടകയുടെ കടുത്ത നിലപാടുമൂലം ചികിത്സ കിട്ടാതെ മരിച്ചത്.
ഏഴുപേര്‍ മരിച്ചിട്ടും തങ്ങളുടെ നിലപാട് പുന:പരിശോധിക്കാന്‍ പോലും കര്‍ണാടക തയ്യാറാകുന്നില്ല. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രശ്നം എത്രയും വേഗം പരിഹരിച്ചിട്ട് വിളിക്കാമെന്ന് ഉറപ്പു നല്‍കിയിട്ട് ഇതുവരെ മറുപടി തന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. അതിര്‍ത്തി അടച്ചുപൂട്ടിയ വിഷയത്തില്‍ ഹൈക്കോടതിയുടെ വിധി ഇന്ന് ഉണ്ടാകുമെന്നാണു കരുതുന്നത്