പെൺകുട്ടികളെ കാണാതായ കേസ്: സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
കോഴിക്കോട്∙ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലായതിനു ശേഷം പൊലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഒന്നര മണിക്കൂറിനു ശേഷം പിടിയിൽ. സ്റ്റേഷന്റെ പിൻവശത്തു കൂടിയാണ് ഇയാൾ രക്ഷപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ലോ കോളജിനു സമീപമുള്ള കാട്ടിലാണ് ഇയാൾ ഒളിച്ചിരുന്നത്. ഇവിടെനിന്ന് ഇയാളെ പൊലീസ് വീണ്ടും പിടികൂടി. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പമാണ് ഇവർ നേരത്തെ പിടിയിലായത്. ഫെബിൻ റാഫിയുടെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. അതേസമയം പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിൽ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ചയാണ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായത്. പിന്നീട് ഇവരെ ആറു പേരെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തി. ബെംഗളൂരുവിൽനിന്നു കണ്ടെത്തിയ യുവാക്കളെ ഇന്നു പുലർച്ചെയാണ് കോഴിക്കോട് എത്തിച്ചത്.