Mobile RTPCR Lab inaugurated
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പ്പിറ്റലില്‍ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സാമ്പിള്‍ കളക്ഷനു ശേഷം ആറു മണിക്കൂറുകള്‍ക്കുള്ളില്‍ ഇനി ഫലം അറിയുവാനാകും.
വ്യക്തതയാര്‍ന്ന രോഗനിര്‍ണയത്തിനും, തുടര്‍ ചികിത്സക്കും, ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രകള്‍ ക്രമീകരിക്കുന്നതിനും, ഈ ലാബിന്റ പ്രവര്‍ത്തനം വയനാട്ടിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. സാധാരണയായി മാനന്തവാടിയിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം അറിയുവാന്‍ സാമ്പിള്‍ കളക്ഷനുശേഷം 12 മുതല്‍ 24 മണിക്കൂര്‍ വരെ സമയം എടുക്കുന്നിടത്താണ് സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിലെ ഈ ലാബില്‍ സാമ്പിള്‍ കളക്ഷനുശേഷം ആറു മണിക്കൂറിനുള്ളില്‍ ഫലം അറിയുവാന്‍ കഴിയുന്നത്.
വയനാട്ടിലെ ആര്‍.ടി.പി.സി.ആര്‍ സാമ്പിള്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ സാധാരണയായി കോഴിക്കോട്ടെ ലാബുകളില്‍ എത്തിച്ചാണ് ഫലം നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റിന്റെ ഫലം അറിയുവാന്‍ താമസം നേരിടുന്നത് വയനാട്ടിലെ ജനങ്ങളുടെ രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കും സംസ്ഥാന അതിര്‍ത്തി കടന്നുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളതുമായ യാത്രകളെയും സാരമായി ബാധിച്ചിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ക്ക് അവസാനമാവുകയാണ് മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ആര്‍.ടി.പി.സി.ആര്‍ ലാബ് യാഥാര്‍ഥ്യമാകുന്നതോടെ. സാന്‍ഡോര്‍ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.